തിരുവനന്തപുരം: തലസ്ഥാന നഗരിയെ യാഗശാലയാക്കിയ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമടക്കം ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി പൊങ്കാലയിടാന്‍ എത്തിയത്. അടുത്ത വര്‍ഷവും എത്താമെന്ന് ആറ്റുകാലമ്മയ്ക്ക് വാക്ക് നല്‍കിയാണ് പ്രാര്‍ത്ഥനയുടെ പുണ്യം നുകര്‍ന്ന് സ്ത്രീകള്‍ മടങ്ങിയത്.
ശുഭപുണ്യാഹത്തിനു ശേഷമാണു ചടങ്ങുകള്‍ ആരംഭിച്ചത്. ഇതേസമയം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതം പാടി. പാട്ടു തീര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്കു തുടക്കമായത്. രാവിലെ 10നു പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെയാണ് സ്ത്രീലക്ഷങ്ങള്‍ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായത്. പത്തരയ്ക്കാണ് ചടങ്ങ് തീരുമാനിച്ചിരുന്നതെങ്കിലും വൈകി. ക്ഷേത്രം തന്ത്രി ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്. ഉച്ചപൂജയ്ക്കു ശേഷമായിരുന്നു പൊങ്കാല നിവേദ്യം. നിവേദ്യ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്തി. പൊങ്കാലയിട്ടശേഷം ആറ്റുകാല്‍ കഷ്ടേത്രത്തില്‍ എത്തി തൊഴുതശേഷമാണ് പലരും മടങ്ങിയത്. പൊങ്കാല ചടങ്ങുകള്‍ കഴിഞ്ഞതോടെ മണിക്കൂറുകള്‍ക്കകം നഗരസഭാ ശുചീകരണ തൊഴിലാളികള്‍ നഗരം പൂര്‍ണമായും വൃത്തിയാക്കി. ഇഷ്ടികകളും മറ്റും നഗരസഭയുടെ ഓഫീസ് വളപ്പിലേക്ക് മാറ്റി.
പൊങ്കാലയോട് അനുബന്ധിച്ച് 500 ബസുകളാണ് പ്രത്യേക സര്‍വീസ് നടത്തിയത്. 300 ബസുകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം സര്‍വീസ് നടത്തി. റെയില്‍വേ കൊച്ചിയിലേക്ക് പ്രത്യേകം മെമു സര്‍വീസ് നടത്തി. രാത്രി 7.30നു നടക്കുന്ന കുത്തിയോട്ടത്തിനുള്ള ചൂരല്‍ക്കുത്ത് ചടങ്ങാണ് ഇനി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. രാത്രി 11നു മണക്കാട് ശാസ്ത ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും.
