കോയമ്പത്തൂർ: കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പൊലീസ് പറഞ്ഞു. കേക്കില്‍ വിഷം പുരട്ടി കഴിച്ചതാണെന്നാണ് പ്രാഥമിക നിഗമനംഒരു വർഷം മുമ്പ് വിവാഹിതയായ ദിയ ഗായത്രിയും ഭർത്താവും തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ കുറച്ചു ദിവസമായി ദിയ വീട്ടുകാർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇതിലുള്ള മനോവിഷമമാവാം മരണത്തിന് കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസം ഗണേശന്റെ സഹോദരൻ പലതവണ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെത്തുടർന്ന് നേരിട്ട് വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കാണുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
