കാസര്‍കോട്: ജലജന്യരോഗങ്ങളുടെ വ്യാപനനിയന്ത്രണത്തെക്കുറിച്ച് സാമൂഹ്യബോധവല്‍ക്കരണത്തിനായി ആരോഗ്യവകുപ്പ് ചെറുവത്തൂര്‍ വെങ്ങാട്ട് സംഘടിപ്പിച്ച കോലായക്കൂട്ടം ശ്രദ്ധേയമായി. പഴയകാല ഭക്ഷണരീതികളെയും രോഗങ്ങളെയും തൊഴിലുകളെ കുറിച്ചുമെല്ലാം പഴയതലമുറക്കാരായ ചന്ദ്രന്‍ വെളിച്ചപ്പാടും വെങ്ങാട്ട് കുഞ്ഞിരാമനും മീനാക്ഷിയമ്മയും കാര്‍ത്യായനിയമ്മയുമെല്ലാം ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ കേട്ടിരിക്കുകയായിരുന്ന പുതിയ തലമുറക്ക് അത് നവ്യാനുഭവമായിമാറി. ‘പണ്ട് വയറിളക്കം വന്നിറ്റ് ഒരു വീട്ടില്‍ തന്നെ നാലോ അഞ്ചോ ആള്‍ക്കാര്‍ ചത്തുപോവും.. മരുന്നും ആസ്പത്രിയുമൊന്നൂല്ലാത്ത കാലല്ലെ ..’ എണ്‍പതിനോടടുത്ത മാധവിയമ്മ കിതപ്പോടെയാണ് രോഗാതുരമായ പഴയകാലത്തെ ഓര്‍ത്തെടുത്തത്. ശാസ്ത്രബോധത്തിന്റെ നേരുകള്‍ പറഞ്ഞുപഠിപ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് ഡോ.രാജമോഹന്‍ ടി.എ, ഡോ.ടി.വി. സുരേന്ദ്രന്‍, ഡോ. റിജിത് കൃഷ്ണന്‍, ഡോ.ലിന്‍ഡ, ഡോ.ബിപിന്‍ എന്നിങ്ങനെ ആരോഗ്യരംഗത്തെ വിദഗ്ധര്‍ തന്നെയുണ്ടായിരുന്നു കോലായക്കൂട്ടത്തില്‍.. ‘എഡ്ഡി നീര്‍ ‘എന്ന പേരില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ജല ശുചിത്വവുമായി ബന്ധപ്പെട്ട ക്യാമ്പയിന്റെ ഉദ്ഘാടനവും കോലായക്കൂട്ടത്തില്‍ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി പ്രമീള, വൈസ് പ്രസിഡണ്ട് പി വി രാഘവന്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സംവാദത്തിലെ സാന്നിധ്യങ്ങളായി. സംഘനൃത്തവും ഒപ്പനയും അലാമിക്കളിയും പാട്ടുകളുമെല്ലാം കോലായക്കൂട്ടത്തെ വര്‍ണ്ണാഭമാക്കി മാറ്റി. വാര്‍ഡംഗം മഹേഷ് വെങ്ങാട്ട്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ തുടങ്ങിയവും പരിപാടിയെ നിയന്ത്രിച്ചു.
