മലമ്പുഴയിൽ മലയിൽ കുടുങ്ങി വാർത്തകളിൽ ഇടം നേടിയ ബാബുവിൻ്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

പാലക്കാട്:മലമ്പുഴയിൽ മലയില്‍ കയറി കുടുങ്ങി വാർത്തകളിൽ ഇടം പിടിച്ച  ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ചു. ബാബുവിന്റെ അമ്മ റഷീദ (46), ഇളയസഹോദരൻ ഷാജി (23) എന്നിവരാണ് മരിച്ചത്.ഇവര്‍ മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവർ ചാടുകയായിരുന്നെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന സംശയമാണ് പൊലീസിനുള്ളത്.

2022 ഫെബ്രുവരി മാസം എട്ടിന് ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും കൂർമ്പാച്ചി മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെയാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്.   സൈന്യമെത്തിയാണ് ബാബുവിനെ മലമുകളില്‍ നിന്ന് രക്ഷിച്ചത്.പര്‍വ്വതാരോഹണ വിദഗ്ധരടക്കമുള്ള കരസേനാസംഘം ബെംഗളൂരുവില്‍നിന്ന് സുലൂര്‍ വഴിയും മറ്റൊരു സൈനിക സംഘം ഊട്ടി വെല്ലിങ്ടനില്‍ നിന്നുമായിരുന്നു എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page