എറണാകുളം കലക്ട്രേറ്റിലെ വൈദ്യുതി ഇന്ന് പുന:സ്ഥാപിക്കും;കുടിശിക 60 ലക്ഷം രൂപ; പ്രതിഷേധ സമരവുമായി കോൺഗ്രസ്സ്

കൊച്ചി:എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനഃസ്ഥാപിക്കും. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു.ഇന്നലെയാണ് കുടിശ്ശിക തീർക്കാനുള്ളതിനാല്‍ കെ എസ് ഇ ബി കളക്‌ടറേറ്റിലെ വൈദ്യുതി വിതരണം നിർത്തിയത്. കുടിശ്ശിക മാർച്ച്‌ 31നുള്ളില്‍ തീർക്കുമെന്ന് കളക്‌ടർ ഉറപ്പ് നല്‍കിയതോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്. ഇന്ന് ഓഫീസ് സമയത്തിനു മുൻപ് തന്നെ വൈദ്യുതി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെ എസ് ഇ ബി ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ സർക്കാരിനെതിരെ  പ്രതിഷേധസമരം സംഘടിപ്പിച്ചിട്ടുണ്ട്.
       60 ലക്ഷമാണ് കുടിശിക. വൈദ്യുതി നിലച്ചതോടെ മൂന്ന്, നാല്, അഞ്ച് നിലകളിലെ ഓഫീസുകളുടെ ജോലികള്‍ തടസപ്പെട്ടിരുന്നു. ഫാനും എ.സിയും നിലച്ചതോടെ ജീവനക്കാർ കൊടുംചൂടില്‍ ഉരുകി. സേവനങ്ങള്‍ പ്രതീക്ഷിച്ചെത്തിയ ജനങ്ങളും വലഞ്ഞു.
       വിവിധ കണ്‍സ്യൂമർ നമ്പറുകളിലായി 61,66,726 രൂപയുടെ കുടിശികയാണുള്ളത്. ഇതില്‍ 1155578006135 എന്ന ഒറ്റ കണ്‍സ്യൂമർ നമ്പറില്‍ മാത്രം 40,83,944 രൂപ കുടിശികയുണ്ട്. തുക 2023 നവംബർ 29നുള്ളില്‍ അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നും നവംബർ 14ന് തൃക്കാക്കര ഇലക്‌ട്രിക്കല്‍ സെക്ഷൻ സീനിയർ സൂപ്രണ്ട് ജില്ലാ കളക്ടർക്കും ഓരോ ഓഫീസിനും നോട്ടീസ് നല്‍കിയിരുന്നെന്ന് കെ.എസ്.ഇ.ബി പറയുന്നു.പലവട്ടം അറിയിപ്പ് നല്‍കിയതാണെന്നും കളക്ഷൻ എഫിഷ്യൻസി 99.5നു മുകളില്‍ വേണമെന്നാണ് നിർദേശമെന്നും കളക്ടർ ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി പുന:സ്ഥാപിക്കുമെന്നും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ റെജികുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page