
തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു. വർക്കല ഇടവ വെറ്റക്കടയിലാണ് സംഭവം. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ബുധനാഴ്ച വെറ്റക്കട ബീച്ചിലായിരുന്നു സംഭവം. ഇവരുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം. റഷ്യൻ സുഹൃത്തിനൊപ്പം കടലിൽ കുളിക്കുമ്പോൾ അൻഷെലിക്ക ശക്തമായ തിരയിൽപ്പെടുകയായിരുന്നു. യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന സംഘം കാണുകയായിരുന്നു. സർഫിങ് സംഘത്തിൽ ഉള്ളവർ കടലിലേക്ക് നീന്തി ഇവരെ കരയ്ക്കെത്തിച്ചു കൃത്രിമ ശ്വാസം നൽകി വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസ് കേസെടുത്തു.