കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചത്. പെരിയ ക്യാമ്പസില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ, കോര്‍ട്ട്, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, അക്കാദമിക് വിദഗ്ദ്ധര്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരത്തിലേറെ പേര്‍ ചടങ്ങിന് സാക്ഷിയായി.
മൂന്നു നിലകളിലായി 68200 സ്‌ക്വയര്‍ ഫീറ്റില്‍ 38.16 കോടി ചിലവിലാണ് അംബേദ്ക്കര്‍ ഭവന്‍ നിര്‍മ്മിച്ചത്. ഹെഫ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. നിലവില്‍ ഗംഗോത്രി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഭരണ നിര്‍വ്വഹണ വിഭാഗങ്ങളെ മുഴുവന്‍ പുതിയ മന്ദിരത്തിലേക്ക് മാറും.