കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് കനത്ത തിരിച്ചടി. വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. മാത്രമല്ല, രണ്ടു പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഒന്ന് മുതൽ ഒമ്പതു വരെയുള്ള പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പിഴയടക്കം റദ്ദാക്കണമെന്ന അപ്പീലും കോടതി പരിഗണിച്ചില്ല. കേസിലെ പത്താം പ്രതിയും സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റിയംഗവുമായ കെ കെ കൃഷ്‌ണൻ, 12 -ആം പ്രതി പാനൂർ സ്വദേശി ജ്യോതിബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിലാണ് കെ കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും അന്ന് കോടതി വെറുതെ വിട്ടത്. എന്നാൽ, പ്രതികൾക്ക് രക്ഷപ്പെടാൻ ആവശ്യമായ സഹായവും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുത്ത ഇരുവരെയും വെറുതെ വിട്ട വിധിയാണ് റദ്ദാക്കിയത്. ഇവരോട് ഈ മാസം 26 നു നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. ഇവർക്കുള്ള ശിക്ഷ 26നു പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞു. കേസിൽ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. അതേസമയം, കോടതി ശിക്ഷിച്ച സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച ഉത്തരവ് ശരിവച്ചു. ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തൻ ജയിലിൽ വെച്ച് മരിച്ചിരുന്നു.
സിപിഐഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രന്‍, കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പികെ കുഞ്ഞനന്തന്‍ എന്നിവര്‍ വധഗൂഡാലോചനക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. എം സി അനൂപ്, കിര്‍മാണി മനോജ്, എന്‍ കെ സുനില്‍, രജീഷ് ടി കെ, കെ കെ മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിങ്ങനെ എട്ട് പേര്‍ക്കും ജീവപര്യന്തം ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. തെളിവ് നശിപ്പിച്ച കേസില്‍ 31ആം പ്രതി എം കെ പ്രദീപന്‍ എന്ന ലംബു പ്രദീപന് മൂന്ന് വര്‍ഷമായിരുന്നു ശിക്ഷ.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാർ അപ്പീലിലുമാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. എത്ര പ്രതികളുണ്ടെന്ന് എഫ്ഐആറിൽ കൃത്യമായി പറയുന്നില്ലെന്നും പലരെയും കേസിൽ പ്രതി ചേർത്തത് വ്യാജ തെളിവുകളുണ്ടാക്കിയിട്ടാണ് എന്നുമായിരുന്നു പ്രതികളുടെ വാദം.
2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐ എം വിട്ട് ആര്‍എംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
