കുമ്പള: ദിന രാത്രങ്ങളെ ഭക്തി സാന്ദ്രമാക്കി, രണ്ട് ആഴ്ച നീണ്ടു നിന്ന ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസിന് നാളെ സമാപനമാകും. സമാപനത്തിലേക്കടുക്കുമ്പോള്‍ ആളുകളെ കൊണ്ട് ഉറൂസ് നഗരി നിറഞ്ഞു. രാത്രിയില്‍ മത പ്രഭാഷണം കേള്‍ക്കാനും, ബാവാ ഫക്കീര്‍ ദര്‍ഗാ ഷരീഫില്‍ പുണ്യം കരസ്ഥമാക്കാനുമെത്തുന്ന ആയിരകണക്കിന് വിശ്വാസികള്‍ ആത്മസായുജ്യത്തോടെയാണ് മടങ്ങിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദക്ഷിണ കര്‍ണാടകയില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് വിവിധ ദിവസങ്ങളിലായി എത്തിയത്. ഈ മാസം 4 നായിരുന്നു ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഉറൂസ് നഗരിയില്‍ എത്തുന്നവരില്‍ വിവിധ ജാതി മതസ്ഥരുമുണ്ട്. ബാവാ ഫഖീര്‍ തങ്ങള്‍ ഇസ് ലാമിക പ്രബോധനത്തിനായി വന്ന് താമസിച്ച ഗുഹ ചരിത്ര സ്മാരകമായി ഇവിടെയുണ്ട്. ഏറെ പേരും ഗുഹക്കരികില്‍ എത്തി ചരിത്രാന്വേഷണം നടത്തുന്നതും പതിവായിരുന്നു. അര ലക്ഷത്തോളം പേര്‍ക്ക് അന്നദാനം നല്‍കുമെന്ന് സംഘാടകര്‍ പറയുന്നു. മതപ്രഭാഷണങ്ങളിലും ആത്മീയ സംഗമങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ പ്രമുഖരാണ് എത്തിയത്. ശനിയാഴ്ച രാത്രി സ്ഥാപന സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രെ.കെ. ആലിക്കുട്ടി മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ഇച്ചിലങ്കോട് മുദരിസ് മൊയ്തീന്‍ സഹദി പ്രാര്‍ത്ഥന നടത്തും.
സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. ഖത്തീബ് ഇര്‍ഷാദ് ഫൈസി, അന്‍സാര്‍ ഷെരൂര്‍, അഡ്വ.അനസ്, ഹാരിസ് ദാരിമി, മുഹമ്മദ് അഷ്‌റഫ് അസ്ഹരി സംസാരിക്കും.
നാളെ മൗലീദ് മജ്‌ലിസിന് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
