കൽപ്പറ്റ:പുല്‍പ്പള്ളിയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനം.പുല്‍പ്പള്ളി പഞ്ചായത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. കടുത്ത പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ഇതിനിടെയാണ് തീരുമാനമുണ്ടായത്.
ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ അടക്കം പതിനൊന്ന് ലക്ഷം രൂപ ഉടന്‍ നല്‍കാനും തീരുമാനിച്ചു. അതേസമയം പുല്‍പ്പള്ളിയിലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. വനംവകുപ്പിനെ അടക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചു വിട്ടു. വാഹനത്തില്‍ മുകളില്‍ വനംവകുപ്പിന് റീത്തും വെച്ചു. ജീപ്പിന്റെ റൂഫും വലിച്ച് കീറി. പോലീസ് വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. കേണിച്ചിറയില്‍ കടുവ പിടിച്ച പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളിലാണ് പ്രതിഷേധക്കാര്‍ കെട്ടിവെച്ചത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു.
പോളിന്റെ കുടുംബത്തിന് അര്‍ഹമായ കാര്യങ്ങള്‍ ലഭിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ശുപാര്‍ശയല്ല ഉറപ്പാണ് വേണ്ടെന്നും ഇവര്‍ പറഞ്ഞു. അതേസമയം എംഎല്‍എമാര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ജനം ഇവര്‍ക്ക് നേരെ കുപ്പിയെറിഞ്ഞു. തടയാനെത്തിയ പോലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. ഇതോടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി.
