കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി 20ന് നാടിന് സമര്‍പ്പിക്കും. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രെഫ.കെ.സി. ബൈജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് നിലകളിലായി 68,200 സ്‌ക്വയര്‍ ഫീറ്റില്‍ 38.16 കോടി രൂപ ചെലവിലാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ ഭവന്‍ നിര്‍മിച്ചിരിക്കുന്നത്.
22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യും. ഇതില്‍ കേരളത്തില്‍ നിന്നും കേരള കേന്ദ്ര സര്‍വകലാശാലയുടെ പദ്ധതി മാത്രമാണുള്ളത്. പെരിയ കാമ്പസില്‍ പുതിയ മന്ദിരത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, സിഎച്ച് കുഞ്ഞമ്പു എം.എല്‍എ, കോര്‍ട്ട്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ. സജി ടി.ജി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് എന്നിവരും പങ്കെടുത്തു.
