തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും തിരുത്തല്‍.കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങള്‍ക്കുള്ളിലാണ് കാനഡയില്‍ സ്കൈ 11 കമ്പനി തുടങ്ങിയത്.
കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടൻസി, ട്രെയിനിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനി എന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. സ്കൈ 11 നെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന പ്രൊഫഷണല്‍ വെബ്സൈറ്റുകള്‍ പ്രകാരം മാനേജിങ് ഡയറക്ടർ വീണ ടി. ആണ്. വീണയുടെയും, സ്കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാം. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നല്‍കിയത്. എക്സാലോജിക്കിന്റെ തുടക്കം വീണയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റില്‍ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയത്. തിരുത്തലിന് അപേക്ഷ നല്‍കിയത് ഫെബ്രുവരി 15ന് എന്ന് സ്ഥിരീകരിക്കുന്നുണ്ട്.
അതായത് വീണയ്ക്ക് കാനഡിയിലും കമ്പനി ഉണ്ടെന്ന് വിവരം പുറത്ത് വന്നതിന് ശേഷമാണ് വിവരങ്ങളില്‍ തിരക്കിട്ട് മാറ്റം വരുത്തിയത്. കൂടാതെ വീണയുടെയും സ്കൈ 11ന്റെയും ലിങ്ക്ഡ്‌ഇൻ പ്രൊഫൈലുകളിലും മാറ്റം വരുത്തി. വീണയുടെ ലിങ്കഡ് ഇൻ പ്രൊഫൈലില്‍ നേരത്തെ സ്കൈ 11 കമ്പനി ചേർത്തിരുന്നു. ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. സ്കൈ 11 കമ്പനിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലില്‍ നിന്ന് വീണയുടെ പേരും മാറ്റി. ഒരു ജീവനക്കാരന്റെ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ കാണിക്കുന്നത്. ഈ ജീവനക്കാരന്റെ ലിങ്ക്ഡ്‌ഇൻ പ്രൊഫൈലില്‍ എക്സലോജിക്കിനെയാണ് മുൻ കമ്പനിയായി കാണിക്കുന്നത്.പുതിയ കമ്പനിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
