വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്തു; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്കായി തുറന്നു കൊടുത്തു

അബുദാബി: പ്രൗഢ ഗംഭീരമായ ചടങ്ങിൽ അബുദബിയിലെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമര്‍പ്പിച്ചു. അക്ഷര പുരുഷോത്തം ക്ഷേത്രത്തിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തിയ ശേഷമാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടന്നത്. ബാപ്സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു. വിശ്വാസി സമൂഹത്തിനായി ക്ഷേത്രം സമർപ്പിച്ചതിന് യുഎഇ ഭരണാധികാരികളോട് പ്രധാനമന്ത്രി നന്ദിയും അറിയിച്ചു. മാർച്ച് മുതലായിരിക്കും യു.എ.ഇയിലുള്ളവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതി നൽകുക.
മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ർ​ജ്​ ഖ​ലീ​ഫ, അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യുഎഇ​യി​ലെ പ്ര​മു​ഖ നി​ർ​മി​തി​ക​ളു​ടെ രൂ​പ​ങ്ങ​ളും വെ​ണ്ണ​ക്ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ണ്ട്.
2015ൽ മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് യു.എ.ഇയിൽ ക്ഷേത്രം നിർമിക്കാൻ സ്ഥലം അനുവദിക്കുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് തറക്കല്ലിട്ടു. 2019ലാണ് നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം 32 മീ​റ്റ​റാണ്​. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മി​ച്ച 96 തൂ​ണു​ക​ൾ​ ക്ഷേ​ത്ര​ത്തി​ന​കത്തുണ്ട്​. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു ​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്രത്തിന്‍റെ നിര്‍മ്മാണത്തിന് ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചത്.ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ക്കു​ള്ള ആ​ഗോ​ള വേ​ദി, സ​ന്ദ​ര്‍ശ​ക കേ​ന്ദ്രം, പ്ര​ദ​ര്‍ശ​ന ഹാ​ളു​ക​ള്‍, പ​ഠ​ന മേ​ഖ​ല​ക​ള്‍, കു​ട്ടി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മു​ള്ള കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഗ്ര​ന്ഥ​ശാ​ല എന്നിവയും ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ചുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page