കാസര്‍കോട്: കീഴൂര്‍-മംഗളൂരു ഖാസിയും സമസ്ത സംസ്ഥാന ഉപാധ്യക്ഷനും ആയിരുന്ന സിഎം അബ്ദുല്ല മുസ്ലിയാറുടെ ദുരൂഹ മരണത്തിനു നാളേക്ക് 14 വര്‍ഷം. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. സി.ബി.ഐ ആണ് ഒടുവില്‍ അന്വേഷിച്ചത്. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഖാസിയുടെ കുടുംബവും ശിഷ്യരും തൃപ്തരല്ല.
മനശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ മൂന്നാമത്തെ റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലാണ്. 2010 ഫെബ്രുവരി 15 നാണ് സര്‍വ്വ ആദരണീയനായ സി.എം.അബ്ദുല്ല മുസ്ലിയാറെ ചെമ്പിരിക്ക, കടുക്കക്കല്ല് കടലില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. ഖാസിയുടെ ചെരുപ്പും ടോര്‍ച്ചും ഊന്നുവടിയും പാറക്കെട്ടിനു സമീപത്തു ഊരിവച്ച നിലയിലുമായിരുന്നു.
അസുഖ ബാധിതനായ ഖാസിക്കു സ്വന്തം വീട്ടില്‍ നിന്നു തനിച്ച് കടപ്പുറത്തേയ്ക്ക് എത്താന്‍ കഴിയില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബത്തിന്റെയും ശിഷ്യരുടെയും ആരോപണം. ഖാസിയുടെ മുറി പുറമെ നിന്നു പൂട്ടിയ നിലയില്‍ കാണപ്പെട്ടതും ദൂരൂഹത ഉയര്‍ത്തിയിരുന്നു.