‘ഹേ മമ്മൂട്ടി; നിങ്ങളെന്തൊരു മനുഷ്യനാണ്, ആശ്ചര്യം തന്നെ’; മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത വെള്ളിത്തിരയെ മാത്രമല്ല, മനുഷ്യരെയാകെ വിസ്മയിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി എന്ന നടന്‍. സൂര്യമാനസം, മൃഗയ, സ്‌നേഹമുള്ള സിംഹം, പൊന്തന്മാട, ഡാനി, വിധേയന്‍… അങ്ങനെ പോകുന്നു ആ നിര. ഇതില്‍ ഏറ്റവും ഒടുവിലായി ‘ഭ്രമയുഗം’ എന്ന സിനിമയിലെ കഥാപാത്രം പരക്കെ ചര്‍ച്ചയാകുകയാണ്. ഭ്രമയുഗത്തില്‍ സൂപ്പര്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രം തന്നെയാണ് ഇക്കുറിയും ജനകീയശ്രദ്ധ പിടിച്ചുപറ്റുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ മമ്മൂട്ടിയുടെ കഥാപാത്രവും ആ ചിരിയും ഒക്കെയാണ് സിനിമാലോകത്തെ ചര്‍ച്ച. പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് വന്നത്.
ഇതിനു പിന്നാലെയാണ് തമിഴ് സംവിധായകന്‍ ലിങ്കു സ്വാമി മമ്മൂട്ടിയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നും അതില്‍ ആശ്ചര്യം തോന്നുന്നുവെന്നുമാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇതും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
അതിനിടെ, രാഹുല്‍ സദാശിവന്‍ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പ്രീ ബുക്കിംഗ് മികച്ച രീതിയിലാണ് മുന്നേറുന്നത്. ഇതുവരെ 10,000 ലേറെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയിരിക്കുന്നത്.
യുഎഇയിലെ വോക്സ് സിനിമാസില്‍ ഭ്രമയുഗത്തിന്റെ 600 ലധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. പത്ത് യുറോപ് രാജ്യങ്ങളിലാണ് ഭ്രമയുഗത്തിന്റെ സ്ട്രീമിംഗ് നടക്കുക. ഒപ്പം യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും ആറ് ജിസിസി രാജ്യങ്ങളിലും ഭ്രമയുഗം റിലീസ് ചെയ്യും. ഫെബ്രുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page