മണല്‍കടത്ത് വിഹിതത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി; ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ബംഗളൂരു: അനധികൃത മണല്‍കടത്ത് വിഹിതത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ കര്‍ണാടകത്തില്‍ ഡോക്ടര്‍ ജീവനൊടുക്കി. ഗദഗ് ജില്ലയിലെ റോണ താലൂക്കിലെ ഹിരേഹല്‍ ഗ്രാമത്തിലെ താമസക്കാരനായ ഡോ.ഷഹസിദാര്‍ ഹട്ടിയാണ് ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഹട്ടിയെ തിങ്കളാഴ്ച രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കോണ്‍ഗ്രസ് നേതാവായ ശരണ ഗൗഡ പാട്ടീലാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നും കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായ ശരണ ഗൗഡ പാട്ടീലിനും ഡോ. ഷഹസിദാര്‍ ഹട്ടിക്കും അനധികൃത മണല്‍ ഖനനത്തിലും കടത്തലിലും പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം പൊലീസ് അന്വേഷിച്ച വരികയായിരുന്നു. ഇതിനിടയിലാണ് കൂടുതല്‍ പണം ആവശ്യപ്പെട്ട് ശരണ ഗൗഡ ഭീഷണിപെടുത്തിയത്. മണല്‍ കടത്ത് വഴിയുള്ള എല്ലാ സ്ഥിതിവിവരക്കണക്കുകളും തുകയും എല്ലാ ദിവസവും നല്‍കിയിട്ടും കൂടുതല്‍ പണം നല്‍കാന്‍ പാട്ടീല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് മരണക്കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാകുറിപ്പില്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന അക്കൗണ്ടുകളും പണമിടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page