കാസർകോട് : 22 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതി ഞായറാഴ്ച അരങ്ങിലെത്തും. ഉച്ചയ്ക്ക് 12.30 ഓടെ ദേവിയുടെ ആത്മാഹുതിയെ ഓർമിപ്പിച്ച് കലശം കുളിച്ച വാല്യക്കാരും ഭഗവതിയുടെ പ്രതിപുരുഷനും മേലേരി കൈയേൽക്കും.
തുടർന്ന് ക്ഷേത്രത്തിന്റെ തിരുമുറ്റത്തെ കൈലാസക്കല്ലിൽ ചെക്കിപ്പൂമാലകളാലംകൃതമായ തിരുമുടി ഉയരും. ഈ കാഴ്ചയ്ക്കായി കാത്തിരുന്ന വിശ്വാസികളും ആചാരക്കാരും ഭഗവതിയെ അരിയെറിഞ്ഞ് വരവേൽക്കും. അന്നപ്രസാദവും ഒരുക്കിയിട്ടുണ്ട്. പിന്നീട് ഭഗവതി ഭക്തർക്ക് മഞ്ഞക്കുറി നൽകി അനുഗ്രഹിക്കും. രാത്രി 12-ന് വെറ്റിലാചാരത്തോടെ തിരുമുടിയഴിക്കും. മുച്ചിലോട്ട് അമ്മയെ കൺകുളിരെ കാണാനും അനുഗ്രഹം ഏൽക്കാനും പതിനായിരങ്ങൾ ഇന്ന് സന്നിധിയിൽ എത്തും.
പെരുങ്കളിയാട്ടത്തിന്റെ മൂന്നാം ദിനമായ ശനിയാഴ്ച പന്തൽ മംഗലത്തിന്റെ സ്മൃതിയിൽ മംഗലക്കുഞ്ഞുങ്ങളെത്തി. മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്രമുറ്റത്തെത്തിയത്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് അണിഞ്ഞൊരുങ്ങിയ ബാലികമാർ കൗതുകം നിറച്ചു. അച്ഛന്റെയോ അടുത്ത ബന്ധുവിന്റെയോ ചുമലിലേറിയാണ് കുഞ്ഞുങ്ങൾ ഉച്ചത്തോറ്റത്തിൽ പങ്കുചേർന്നത്. ചിണ്ടയുടെ പതിഞ്ഞ താളത്തിൽ ഇഷ്ട ദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ തോറ്റംപാട്ടിൽ മുഖരിതമായ സന്നിധിയിൽ ദേവിയുടെ തോറ്റത്തിനൊപ്പം മംഗലകുഞ്ഞുങ്ങൾ ക്ഷേത്രത്തെ വലം വച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉപദേവതമാരുടെ തെയ്യക്കോലങ്ങൾ നിറഞ്ഞാടിയ സന്നിധി ഇന്ന് ഉച്ചയോടെ ശാന്തമാകും. രണ്ടു ലക്ഷത്തിലധികം പേർ ഇന്ന് ക്ഷേത്രസന്നിധിയിൽ എത്തും എന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഭക്തർക്കായി ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനവും ഏർപ്പെടുത്തിയിട്ടുണ്ട്.