മുന്നാട്(കാസര്‍കോട്): കണ്ണൂര്‍ സര്‍വ്വകലാശാലാ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് തുടക്കമായി. ഒന്നാംവേദിയായ ബഹുസ്വരതയില്‍ ആണ് കുട്ടികളുടെ നാടോടി നൃത്തം സിംഗിള്‍ മത്സരത്തോടെയാണ് കലോത്സവവേദി ഉണര്‍ന്നത്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ നാടോടി നൃത്തം നടന്നു. ഉച്ച കഴിഞ്ഞ് ഇതേ വേദിയില്‍ നാടോടി നൃത്തം ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നാലിനു ഇതേ വേദിയില്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിര്‍വ്വഹിക്കും. ചലച്ചിത്രനടന്‍ ഉണ്ണിരാജ് മുഖ്യാതിഥിയാകും. വൈകുന്നേരം ആറിനു ഇംഗ്ലീഷ്, രാത്രി 11ന് ഹിന്ദി നാടക മത്സരങ്ങളും നടക്കും. മൂന്നാംവേദിയായ മൈത്രിയില്‍ ദഫ് മുട്ട്, പരിചമുട്ട് മത്സരങ്ങളും നാലാം വേദിയായ സമഭാവത്തില്‍ മോണോ ആക്ട് മത്സരം നടന്നു. മത്സരം കാണികളെ ഏറെ ആകര്‍ഷിച്ചു. അഞ്ചാംവേദിയായ അനുകമ്പയില്‍ ഗസല്‍, ആറാം വേദിയായ അന്‍പില്‍, ഗിത്താര്‍, വയലിന്‍ മത്സരങ്ങളും നടന്നു. മലയോര മേഖലയായ മുന്നാട്ട് ആദ്യമായെത്തിയ കലോത്സവം കുറ്റമറ്റതാക്കാനുളള അക്ഷീണശ്രമത്തിലാണ് നാടും നാട്ടുകാരും.