ത്രികോണ പ്രണയവും സ്വകാര്യ ദൃശ്യങ്ങളും; ഒടുവില്‍ കൊലപാതകം, ബിസിനസുകാരനെ കൊന്ന യുവതിയും കാമുകനും പിടിയില്‍

ഗുവാഹത്തി: പ്രണയത്തിന്റെ മറവില്‍ മുന്‍ കാമുകന്‍ കൈവശപ്പെടുത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ബിസിനസുകാരനെ സ്റ്റാര്‍ ഹോട്ടലില്‍ കൊലപ്പെടുത്തി. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശികളായ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ സന്ദീപ് കുമാര്‍ കാംബ്ലെ (44) എന്ന ബിസിനസുകാരനെ ഗുവാഹത്തിയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ച് കൊന്നുതള്ളിയ അഞ്ജലി ഷാ (25), കാമുകന്‍ ബികാഷ് കുമാര്‍ ഷാ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയത്. കൊലപാതകശേഷം രാത്രിയില്‍ കൊല്‍ക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ്.
ത്രികോണ പ്രണയത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ വച്ചാണ് കാംബ്ലെയുമായി സൗഹൃദത്തിലാകുന്നത്. അതേസമയം, അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ പ്രണയബന്ധം ഉണ്ടായിരുന്നു. ഇതിനിടയിലാണ് സന്ദീപുമായും അടുപ്പത്തിലാകുന്നത്. ഒരേസമയം രണ്ടുപേരുമായി പ്രണയബന്ധം തുടര്‍ന്നു. ഇതിനിടയിലാണ് സാന്ദീപിന്റെ പക്കല്‍ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ഇതിനിടയിലാണ് വിവാഹത്തിനായി ബികാഷ് നിര്‍ബന്ധിച്ചത്. ഈ സമയം, സന്ദീപ് സ്വകാര്യ ചിത്രങ്ങളുടെ കാര്യം പറഞ്ഞ് ബന്ധം തുടരാന്‍ ശ്രമിച്ചു. ഇതോടെയാണ് സന്ദീപ് ബ്ലാക്ക് മെയില്‍ ചെയ്യുമോ എന്ന ഭയത്താല്‍ ബികാഷുമൊത്ത് ചേര്‍ന്ന് സന്ദീപിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. സന്ദീപിന്റെ ഫോണിലുണ്ടായിരുന്ന അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. ഇതിന്റെ ഭാഗമായി ചിത്രങ്ങളടങ്ങിയ ഫോണ്‍ കൈക്കലാക്കാന്‍ വേണ്ടി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് നേരില്‍ കാണണമെന്ന് അഞ്ജലി സന്ദീപിനെ അറിയിച്ചു. എന്നാല്‍ ഗുവാഹത്തിയിലേക്ക് വരാന്‍ സന്ദീപ് ആവശ്യപ്പെട്ടതനുസരിച്ച് ബികേഷിനെ കൂട്ടി അഞ്ജലി ഗുവാഹത്തിയില്‍ എത്തി. സന്ദീപും അഞ്ജലിയും ചേര്‍ന്ന് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു. ഇതേ ഹോട്ടലില്‍ ബികേഷും മുറിയെടുത്തു. തിങ്കളാഴ്ച, ഇരുവരും കഴിയുന്ന മുറിയിലേക്ക് കടന്നുവന്ന ബികാഷ് സന്ദീപിനെ ആക്രമിച്ചു. അഞ്ജലിയും കൂട്ടുചേര്‍ന്നതോടെ സാരമായി പരിക്കേറ്റ സന്ദീപ് കുഴഞ്ഞുവീണു. തുടര്‍ന്ന് ചിത്രങ്ങളടങ്ങിയ ഫോണുമായി ഇരുവരും കടന്നുകളയുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരാണ് കാംബ്ലെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമിയിക്കുകയായിരുന്നു. ഹോട്ടല്‍ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍, എയര്‍പോര്‍ട്ട് യാത്രക്കാരുടെ പട്ടിക എന്നിവ പരിശോധിച്ച് രാത്രി 9:15ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് അഞ്ജലിയെയും ബികാഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page