ചെറുവത്തൂരിലെ മദ്യവില്‍പന ശാല അച്ചാംതുരുത്തിയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

കാസര്‍കോട്: ചെറുവത്തൂരില്‍ അടച്ചു പൂട്ടിയ കണ്‍സ്യൂമര്‍ ഫെഡിന്റെ ബീവറേജ് ഔട്ട് ലെറ്റ് അച്ചാംതുരുത്തിയിലേക്ക് മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. അച്ചാംതുരുത്തിയിലെ പാരിച്ചാന്‍ ജംങ്ഷനിലാണ് അധികൃതര്‍ ഔട്ട്‌ലറ്റിന് കെട്ടിടം കണ്ടുവച്ചത്. സ്ഥലത്തേക്ക് ചൊവ്വാഴ്ച രാവിലെ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും എത്തിയതോടെ നാട്ടുകാര്‍ സംഘടിച്ച് നീക്കം തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നീക്കം ഉപേക്ഷിച്ച് മടങ്ങി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ടിവി ശ്രീജിത്ത്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. അന്വേഷണത്തിന് എത്തിയ കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥരായ കെ.വി വേണുഗോപാല്‍, ബാബുരാജ്, എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ദിലീപ് എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി. അച്ചാംതുരുത്തിയില്‍ ബീവറേജ് ഔട്ട് ലെറ്റ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ നവംബര്‍ 23-ന് ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ എക്‌സൈസ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനമാരംഭിച്ച കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാല പൂട്ടിച്ചതോടെ നാലുമാസത്തിലധികമായി അടഞ്ഞു കിടക്കുകയാണ്. സ്ഥാപനത്തിനകത്ത് നിന്നും മദ്യസ്റ്റോക്ക് നീക്കാനുള്ള ശ്രമങ്ങള്‍ സിഐടിയു ചുമട്ട് തൊഴിലാളികള്‍ തടഞ്ഞിരുന്നു. ചെറുവത്തൂര്‍ മദ്യശാലയ്ക്ക് മുന്നില്‍ ചുമട്ട് തൊഴിലാളികള്‍ നടത്തിയിരുന്ന രാപ്പകല്‍ സമരം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് അവസാനിപ്പിച്ചത്.
മദ്യശാല ചെറുവത്തൂരില്‍ തന്നെ നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. മദ്യശാല അച്ചാംതുരുത്തിയിലേക്ക് മാറ്റി പ്രശ്‌നമൊതുക്കാനുള്ള രഹസ്യനീക്കവും ഇപ്പോള്‍ പാളി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page