സംസ്ഥാന ബജറ്റ്  ഇന്ന്; സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാതലത്തിൽ വൻ പ്രഖ്യാപനങ്ങളുണ്ടായേക്കില്ല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ്  ഇന്ന് നിയമസഭയിൽ  അവതരിപ്പിക്കും.  രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകുമെന്നതാണ് ആകാംക്ഷ. ക്ഷേമ പെൻഷൻ  അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയേക്കും. ബജറ്റിൽ വലിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതയുണ്ട്. തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ധനസെസ് പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രഖ്യാപനത്തിന് സാധ്യത കുറവാണ്. 
നിലവിലെ സാഹചര്യത്തിൽ ക്ഷേമപെൻഷൻ കൂട്ടാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം നാമമാത്ര വർധന ക്ഷേമ പെൻഷൻ കാര്യത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. കുറഞ്ഞത് 100 രൂപയുടെ വർധനവെങ്കിലും പെൻഷന്റെ കാര്യത്തിൽ വരുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. ജനങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന സേവന മേഖലകളിൽ തടസമില്ലാത്ത ഇടപെടലുകൾക്ക് സംവിധാനമുണ്ടാകും. ക്ഷേമ പെൻഷൻ മുതൽ സപ്ലൈകോയും നെല്ല് സംഭരണവും അടക്കമുള്ള വിഷയങ്ങൾക്കാകും മുൻഗണന. മദ്യത്തിനടക്കം നികുതി നിരക്കുകൾ  വലിയ രീതിയിൽ കൂടാനിടയില്ല.
അതേസമയം ബജറ്റിന്റെ തലേന്ന് കേന്ദ്രം കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് മോശമാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റിലെ പിടിപ്പുകേടാണെന്നും ധനകാര്യ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കടമെടുപ്പ് പരിധി ഉയർത്താവില്ല. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018- 2019ൽ കടമെടുപ്പ്  ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021-22ൽ അത് 39 ശതമാനമായി ഉയർന്നു. സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തിൽ നിന്നും 82 ശതമാനമായെന്നു കേന്ദ്രസർക്കാർ പറയുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം അറിയിച്ചു. എജി മുഖേന ധനകാര്യമന്ത്രാലയം സമർപ്പിച്ച 46 പേജുള്ള കുറിപ്പിലാണ് കേന്ദ്രം കേരളത്തെ പഴിചാരിയത്.  

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page