പശ്ചിമ ബംഗാളിലെ മാൾഡയിൽ 11 വയസ്സുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. കുട്ടിയുടെ അച്ഛന്‍ പൊതുസ്ഥലത്ത് വെച്ച് ബന്ധുവിനെ അപമാനിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് പെൺകുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജനുവരി 29 മുതൽ കുട്ടിയെ കാണാതായിരുന്നു. പെൺകുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെൺകുട്ടിയും ഇരുപത്തി ഏഴുകാരനായ ബന്ധുവും ഒരുമിച്ച് പോകുന്നത് കാണാമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ശരീരഭാഗവും തലയും മാൾഡ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയത്.
ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും പിന്നീട് കുട്ടിയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയും, ശരീരഭാഗങ്ങൾ വീണ്ടെടുക്കാൻ പോലീസിനെ സഹായിക്കുകയും ചെയ്തു.
സംഭവം നഗരത്തിൽ വൻ പ്രതിഷേധത്തിന് ഇടയാക്കി. കൊലപാതകത്തെ അപലപിച്ച് ബി.ജെ.പിയും, സി.പി.എം, തൃണമൂൽ കോൺഗ്രസും, പ്രതിഷേധ റാലികളും മൗനജാഥകളും നടത്തി. പ്രതി ഇപ്പോൾ 12 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.