കാസര്‍കോട്: വ്യാജ പാസ്പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്ന സംഘം അറസ്റ്റില്‍. നിരവധി രേഖകളും വ്യാജ സീലുകളും മൂന്നു പാസ്പോര്‍ട്ടുകളും പിടികൂടി. കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ജുമാമസ്ജിദിനു സമീപത്തെ പുതിയകണ്ടം ഹൗസിലെ എം എ അഹമ്മദ് അബ്രാര്‍ (26), എംഎ സാബിത്ത് (25), പടന്നക്കാട്, കരുവളം ഇഎംഎസ് ക്ലബ്ബിനു സമീപത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്വാന്‍(25) എന്നിവരെയാണ് ബേഡകം എസ്.ഐ എം ഗംഗാധരനും സംഘവും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും മൂന്ന് വ്യാജ പാസ്‌പോര്‍ട്ട്, 37 വ്യാജ സീലുകള്‍, നിരവധി രേഖകള്‍, ലാപ്‌ടോപ്പ് എന്നിവ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 9.50 മണിയോടെ ബന്തടുക്ക കണ്ണാടിത്തോട്ടിനു സമീപത്തു വാഹന പരിശോധന നടത്തവേയാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണസംഘത്തെ പിടികൂടിയത്. സുള്ള്യ ഭാഗത്തുനിന്നും വരികയായിരുന്ന കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ലാപ്‌ടോപ്പും നിരവധി രേഖകളും കണ്ടത്. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ ബാഗിനകത്ത് ഏതാനും രേഖകളും കണ്ടെത്തി. പിന്നാലെയാണ് നിരവധി റബ്ബര്‍ സ്റ്റാമ്പുകളും രണ്ടു സീല്‍പാഡുകളും കാണുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ, ഫെഡറല്‍ ബാങ്ക് അങ്കമാലി, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍ തുടങ്ങി വിവിധ ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, ബംഗളുരുവിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ എന്നിവരുടെ 37 വ്യാജ സീലുകള്‍ കണ്ടെടുത്തു.
മറ്റൊരു ബാഗില്‍നിന്നും ഫര്‍സീന്‍ പതിമാടെ പുരയില്‍, അമല്‍ കളപറമ്പില്‍, രാജന്‍ സൗമ്യ സൈമണ്‍ എന്നിവരുടെ മൂന്നു പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തു. ബംഗളൂരുവിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി സെന്ററിന്റെ ലെറ്റര്‍ ഹെഡിലുള്ള എംപ്ലോയ്മെന്റ് കണ്‍ഫര്‍മേഷന്‍ ലെറ്റര്‍, എംഎഇഎസ് കോളേജിന്റെ ലെറ്റര്‍ ഹെഡിലുള്ള രണ്ടു എന്‍ഒസികള്‍, നിരവധി സ്ഥാപനങ്ങളുടെ സീലുകള്‍ പതിച്ചതും മറുവശത്ത് ബാങ്കുകള്‍ അടക്കമുള്ളവയുടെ സീലുകള്‍ പതിച്ച് ഒപ്പിട്ട കടലാസുകളും ബാഗില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ സംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഉത്തര കൊറിയയിലേയ്ക്ക് ആള്‍ക്കാരെ കയറ്റി അയക്കുന്നതിനാണ് സംഘം വ്യാജരേഖകള്‍ നിര്‍മിക്കുന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മനുഷ്യക്കടത്ത് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. ബംഗളുരുവിലെ വ്യാജരേഖ തട്ടിപ്പു സംഘങ്ങളുമായോ ശൃംഖലകളുമായോ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഘത്തിനു കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.