പാലക്കുന്ന് ഭഗവതി ക്ഷേത്ര കലം കനിപ്പ് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

കാസര്‍കോട്: നാടിന്റെ ഐശ്വര്യത്തിനും പാപനാശത്തിനുമായി പാലക്കുന്ന് ഭഗവതി ക്ഷേത്ര കലം കനിപ്പ് മഹോത്സവത്തിന് ഇന്ന് ആയിരങ്ങളെത്തി. കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണത്തിന് ഭക്തി സാന്ദ്രമായ തുടക്കം. മാറാവ്യാധികളില്‍ നിന്ന് രക്ഷ നേടാനും അഭീഷ്ടകാര്യ സിദ്ധിക്കും കുടുംബത്തിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി ദേവീസന്നിധിയില്‍ നടത്തുന്ന പ്രാര്‍ഥനാ സമര്‍പ്പണമാണ് കലം കനിപ്പ് മഹോത്സവം.
രണ്ട് ദിവസങ്ങളിലായാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. രാവിലെ ഭണ്ഡാരവീട്ടില്‍ നിന്നുള്ള പണ്ടാരക്കലം പടിഞ്ഞാറ്റയില്‍നിന്ന് അതിനായി നിയുക്തയായ സ്ത്രീ ഏറ്റുവാങ്ങി.
ഭണ്ഡാരവീട്ടില്‍ നിന്ന് ഭണ്ഡാരക്കലം എഴുന്നള്ളിക്കുന്നതോടെയാണ് നിവേദ്യ സമര്‍പ്പണ ചടങ്ങ് തുടങ്ങിയത്. വ്രതശുദ്ധിയോടെ പച്ചരി, ശര്‍ക്കര, നാളികേരം, അരിപ്പൊടി, വെറ്റിലടയ്ക്ക എന്നിവ പുതിയ മണ്‍കലത്തിലാക്കി വാഴയില കൊണ്ട് മൂടിക്കെട്ടി കുരുത്തോലകളുമായി നടന്നാണ് സ്ത്രീകളടക്കമുള്ളവര്‍ നിവേദ്യ സമര്‍പ്പണത്തിനായി ക്ഷേത്ര സന്നിധിയിലെത്തിയത്. മുത്തുക്കുടകളും വാദ്യഘോഷങ്ങളും അകമ്പടിയുണ്ടായിരുന്നു. ക്ഷേത്രാങ്കണത്തില്‍ നിരത്തിയ കലങ്ങളിലെ വിഭവങ്ങള്‍ വാല്യക്കാര്‍ വേര്‍തിരിക്കും. സമര്‍പ്പിച്ച സാധനങ്ങള്‍ നൂറുകണക്കിനു വാല്യക്കാരുടെ സഹകരണത്തോടെ ക്ഷേത്രാങ്കണത്തില്‍ തയാറാക്കിയ പ്രത്യേക അടുപ്പുകളില്‍ നിവേദ്യച്ചോറും അടയും തയാറാക്കി ദേവീസന്നിധിയില്‍ സമര്‍പ്പിക്കും. നാളെ രാവിലെ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം നിവേദ്യ ചോറും ചുട്ടെടുത്ത അടയും കലത്തില്‍ നിറച്ച് നല്‍കും. തീയ സമുദായ അംഗങ്ങള്‍ക്കാണ് കലം സമര്‍പ്പിക്കാനുള്ള അവകാശമെന്നതിനാല്‍ മറ്റു മതസ്ഥര്‍ തീയ സമുദായ അംഗങ്ങള്‍ വഴിയും ക്ഷേത്രത്തില്‍ പ്രാര്‍ഥന സമര്‍പ്പിക്കാറുണ്ട്. ആറ്റുകാല്‍ പൊങ്കാലയോട് സാമ്യമുള്ളതാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ കലം കനിപ്പ് നിവേദ്യ ചടങ്ങുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page