പിതാവിനൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വലിച്ചിഴച്ച് കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. റോഡരികില്‍ പാതി കടിച്ചുതിന്ന നിലയലായിരുന്നു നാഗാരാജ് എന്ന ഒരുവയസുകാരന്റെ മൃതദേഹം. രാവിലെ ഇതുകണ്ട് നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് ആര്‍ജിഐ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാലരാജു പറഞ്ഞു. കൂലിപ്പണിക്കാരനായ സൂര്യകുമാര്‍ ആണ് കുട്ടിയുടെ പിതാവ്. മാതാവ് പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ഷംഷാബാദ് ടൗണിലെ രാജീവ് ഗൃഹകല്‍പ കോംപ്ലക്സിന് സമീപമുള്ള താല്‍ക്കാലിക ഷെഡിലാണ് സൂര്യകുമാര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ 1.30 ഓടെ ഒരു കൂട്ടം തെരുവ് നായ്ക്കള്‍ ഷെഡിനടുത്ത് എത്തിയിരുന്നു. പിതാവ് നല്ല ഉറക്കത്തിലായിരുന്നു. അതിനിടെയാണ് നായ്ക്കള്‍ കുട്ടിയെ കടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയത്. സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ആര്‍ജിഐ എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ കെ ബാലരാജു പറഞ്ഞു. പ്രദേശത്ത് കുട്ടികള്‍ക്ക് നേരെ നടക്കുന്ന നായ്ക്കളുടെ ആക്രമണത്തിന്റെ ഒമ്പതാമത്തെ കേസാണിത്.
