കാസര്‍കോട്: അഞ്ചു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പ്രമീളയെന്ന യുവതിയുടെ മൃതദേഹം ഇനിയും കണ്ടെത്താനായില്ല. കൊലപാതകത്തിനുശേഷം മൃതദേഹം ഓട്ടോയില്‍ കയറ്റി തെക്കില്‍ പാലത്തിനു മുകളില്‍ നിന്നു ചന്ദ്രഗിരി പുഴയിലേയ്ക്ക് എറിഞ്ഞുവെന്നാണ് അറസ്റ്റിലായ ഭര്‍ത്താവ് സെല്‍ജോ നല്‍കിയ മൊഴി. എന്നാല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുഴയില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മൃതദേഹം കണ്ടെത്തി പ്രമാദമായ കേസിനു തുമ്പുണ്ടാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി കേരള പൊലീസിന്റെ കൈവശമുള്ള ബെല്‍ജിയന്‍ മെലിനോയ്സ് (കഡാവര്‍) ഇനത്തില്‍പ്പെട്ട മര്‍ഫി, മായ എന്നീ നായ്ക്കളെ കൊച്ചിയില്‍ നിന്നു കാസര്‍കോട്ടെത്തിച്ച് തെരച്ചില്‍ തുടരുകയാണ് ഡിവൈ.എസ്.പി സുനില്‍ കുമാറും സംഘവും. ബുധനാഴ്ച വിദ്യാനഗര്‍, പടുവടുക്കത്ത് മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച രാവിലെയും തെരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഉദയഗിരി ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കുളക്കരയില്‍ നായ്ക്കളെ എത്തിച്ചു പരിശോധന തുടരുകയാണ്. കേസിലെ പ്രതിയായ സെല്‍ജോ നേരത്തെ പതിവായി കുളക്കരയില്‍ ഇരിക്കാറുണ്ടായിരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. 2019 ല്‍ ആണ് കേസിനാസ്പദമായ സംഭവം. പന്നിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്ന കൊല്ലം, ഇരവിപുരം, വാളത്തുങ്കല്‍ വെളിയില്‍ വീട്ടില്‍ പ്രമീള(30)യെയാണ് കൊലപ്പെടുത്തിയത്. ആലങ്കോട് സ്വദേശിയായ സെല്‍ജോയും പ്രമീളയും പ്രണയ വിവാഹിതരായാണ് കാസര്‍കോട്ടെത്തിയത്. ആദ്യം ഭാര്യയെ കാണാനില്ലെന്നു കാണിച്ചാണ് സെല്‍ജോ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രമീള കൊല്ലപ്പെട്ടതായി വ്യക്തമായി. 2019 സെപ്തംബര്‍ 19ന് രാത്രിയില്‍ വഴക്കിനിടയിലാണ് കൊലപാതകം നടന്നതെന്നും സെല്‍ജോ മൊഴി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അറസ്റ്റിലായ സെല്‍ജോ രണ്ടു വര്‍ഷക്കാലം ജയിലില്‍ കഴിഞ്ഞാണ് പുറത്തിറങ്ങിയത്.
മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് ചില വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. പ്രമീള കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സെല്‍ജോ, പടുവടുക്കത്തെ ആള്‍ താമസമില്ലാത്ത പറമ്പിലൂടെ നടന്നു പോകുന്നതായി കണ്ടിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതോടെയാണ് മൃതദേഹം എവിടെയെങ്കിലും കുഴിച്ചിട്ടിരിക്കാമെന്ന സംശയം ഉടലെടുത്തത്. എത്ര വര്‍ഷത്തെ പഴക്കമുള്ള അസ്ഥിയോ, രക്തക്കറയോ കണ്ടെടുക്കാന്‍ പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിച്ചാണ് പരിശോധന.