തിരുവനന്തപുരം: തിരുവിതാംകൂര്‍ സമൃദ്ധി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ മറവില്‍ നിക്ഷേപക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തോംസണ്‍ ലോറന്‍സിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. കരുമം സ്വദേശിയായ വിമുക്തഭടന്‍ മത്തായിയുടെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവിനുപുറമെ സിപിഎം പ്രാദേശിക നേതാവ് ബിനുവിനെതിരെയും കേസെടുത്തിട്ടുണ്ട്. പരാതിയില്‍ വഞ്ചനാ കുറ്റം ചുമത്തി വഞ്ചിയൂര്‍ പോലീസ് തോംസണിതിരെ കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവ് ബിനുവിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. സമൃദ്ധി സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ച നിരവധി പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തോംസണ്‍ ലോറന്‍സ് പ്രസിഡന്റായി വഞ്ചിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുവിതാംകൂര്‍ സമൃദ്ധി സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. വന്‍തുക പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. തോംസണും ഏജന്റ് ബിനുവും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 15 ലക്ഷം രൂപ ഐസക്ക് മത്തായി സംഘത്തില്‍ നിക്ഷേപിച്ചു. കാലാവധി കഴിഞ്ഞ് നിക്ഷേപം പിന്‍വലിക്കാന്‍ സംഘത്തില്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തനം നിര്‍ത്തിയത് അറിയുന്നത്. പലതവണ തോംസണിനെ ബന്ധപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.