ആരാധകര്‍ ആകാംഷയോടെയും അതിലേറെ പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ‘പുഷ്പ 2’ റിലീസാകാന്‍ ഇനി 200 ദിവസങ്ങള്‍ കൂടി. രാജ്യമാകെ വലിയ തരംഗം തീര്‍ത്ത പുഷ്പ എന്ന സിനിമയുടെ രണ്ടാം ഭാഗം എന്നതിനൊപ്പം സൂപ്പര്‍താരം അല്ലു അര്‍ജുന്‍ മൂന്നുവര്‍ഷത്തിന് ശേഷം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. അടുത്ത 200 ദിവസം കഴിഞ്ഞാല്‍ പുഷ്പ രണ്ട് തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ആരാധകരെ ആവേശഭരിതരാക്കാന്‍ പുഷ്പ 2 എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.
2021 ല്‍ പുറത്തിറങ്ങിയ പുഷ്പ എന്ന സിനിമ വലിയ ചര്‍ച്ചയായിരുന്നു. പുഷ്പയിലെ മാസ് ഡയലോഗും പാട്ടുകളുമെല്ലാം പിന്നീട് ആരാധകര്‍ ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളില്‍ ‘പുഷ്പ, പുഷ്പരാജ്’ എന്ന ഡയലോഗ് റീലുകളുടെ തരംഗം തീര്‍ത്തു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന പേരില്‍ അറിയപ്പെട്ട പുഷ്പയിലെ അഭിനയത്തിന് അല്ലുഅര്‍ജുന് ദേശീയ അവാര്‍ഡും ലഭിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവുംവലിയ ബ്ലോക്ക്ബസ്റ്റര്‍ എന്ന ബഹുമതിക്കും അര്‍ഹമായി. മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രണ്ടാം ഭാഗത്തെക്കുറിച്ച് വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒന്നാം ഭാഗത്തെ വെല്ലുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. രണ്ടാം ഭാഗത്തിലെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്നാണു സിനിമാ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന രീതിയില്‍ വലിയ പ്രതീക്ഷ അണിയറ പ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമുണ്ട്. ഇതിന്റെ തെളിവാണ് ചിത്രത്തിന്റെ പോസ്റ്ററിനും റിലീസ് തീയതിക്കും ലഭിച്ച വരവേല്‍പ്പ്. ‘പുഷ്പ 2’ന്റെ ടീസറിനും അതിഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
