സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടു; പിന്നാലെ വധഭീഷണിയും, വിഷം കഴിച്ച പെൺകുട്ടി മരിച്ചു

ബദിയടുക്ക: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആളുടെ നിരന്തര ഭീഷണിയെത്തുടർന്ന് വിഷം കഴിച്ച് ആശുപത്രിയിലായ വിദ്യാർത്ഥിനിയായ 16 കാരി മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ആളെ ബദിയടുക്ക കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൊഗ്രാൽപുത്തൂർ കോട്ടക്കുന്ന് സ്വദേശിയും ഗൾഫുകാരനുമായ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. കാസർകോട് കോടതിയിൽ ഹാജരാക്കിയ അൻവറിനെ റിമാൻഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കുകയും ചെയ്തു. സ്നേഹബന്ധം അവസാനിപ്പിക്കുന്നതായി പെൺകുട്ടി അൻവറിനെ അറിയിച്ചു. പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് സ്‌കൂൾ വിട്ട് മടങ്ങുന്ന പെൺകുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തി. കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനെത്തുടർന്ന് ജനുവരി 23 നു വൈകിട്ട് സ്‌കൂളിൽ നിന്നും തിരിച്ചെത്തിയ പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു. തുടർന്ന് മംഗലാപുരത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെ തിങ്കളാഴ്ചയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page