ബിഹാറില്‍ കോണ്‍ഗ്രസിന്റെ ന്യായ് യാത്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നും വിട്ട് നിന്ന് 9 എം എല്‍ എമാര്‍. യാത്രയുടെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൂണിയയില്‍ നടന്ന യോഗത്തില്‍ ആകെയുള്ള 19 എം എല്‍ എമാരില്‍ 10 പേര്‍ മാത്രമാണ് എത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ അഭ്യൂഹങ്ങള്‍ തള്ളി. യാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയവരുടെ യോഗമാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം ബിഹാറില്‍ എംഎല്‍എമാരുടെ വിട്ടുനില്‍ക്കല്‍ പാര്‍ട്ടിയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ 10 ഓളം എം എല്‍ എമാര്‍ നിതീഷുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ എംഎല്‍എമാരുടെ അസാന്നിധ്യം ചര്‍ച്ചയായിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്ത് നിന്നുള്ള കൂടുതല്‍ നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. ദേശീയ നേതൃത്വം ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് വൈകീട്ട്് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള ധാരണ പ്രകാരം അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. സുശീല്‍ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത.