കാസര്‍കോട്: കിടപ്പുമുറിയിലെ മേശമുകളില്‍ വച്ചിരുന്ന ഹാന്റ് ബാഗ്, മരവടി ഉപയോഗിച്ച് ജനാലവഴി പുറത്തെടുത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ചിത്താരി, പാലത്തിനു സമീപത്തെ ബംഗ്ലാവില്‍ ഹൗസിലാണ് കവര്‍ച്ച. നാലേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണവും 1500 രൂപയും നഷ്ടപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനും നാലര മണിക്കും ഇടയിലാണ് കവര്‍ച്ച. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. നെടുനീളന്‍ വസ്ത്രം ധരിച്ച ഒരാള്‍ വരുന്നതും മരവടി ഉപയോഗിച്ച് മേശപുറത്തുണ്ടായിരുന്ന ബാഗ് ജനാലവഴി പുറത്തെടുക്കുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍, എസ്.ഐ കെ.വി.രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം.