അന്യമതക്കാരനുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി

Posts

മൈസൂരു: മുസ്ലിം യുവാവുമായി അടുപ്പമുണ്ടെന്നാരോപിച്ച് 19 കാരിയെയും മാതാവിനെയും യുവാവ് ദാരുണമായി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ മൈസൂരു ജില്ലയിലെ മാരൂരു ഹിരിക്യാത്തനഹല്ലിയില്‍ ബുധനാഴ്ച സന്ധ്യക്കായിരുന്നു സംഭവം. ധനുശ്രീ (19), മാതാവ് അനിത (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ധനുശ്രീയുടെ സഹോദരന്‍ നിധിനെ ഹുന്‍സൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
മുസ്ലിം യുവാവുമായി സഹോദരി പ്രണയബന്ധം പുലര്‍ത്തുന്നതിനെ നിധിന്‍ രൂക്ഷമായി എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ വഴക്കും ബഹളവും പതിവായിരുന്നു. അപ്പോഴൊക്കെ മാതാപിതാക്കള്‍ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ട ആളുമായി പ്രണയം തുടരുതെന്നും അതു തങ്ങളുടെ കുടുംബത്തിന്റെ മാന്യത തകര്‍ക്കുമെന്നും മാതാപിതാക്കള്‍ ധനുശ്രീയെ ഉപദേശിക്കാറുമുണ്ടായിരുന്നു. ബുധനാഴ്ച സന്ധ്യക്ക് വീട്ടിലെത്തിയ നിധിന്‍, അമ്മാവന്‍ രോഗം മൂര്‍ഛിച്ചു കിടപ്പിലാണെന്നും ഉടന്‍ അവിടേക്ക് പോകണമെന്നും അറിയിച്ചു. ഇതേതുടര്‍ന്ന് മാതാവ് അനിതയും സഹോദരി ധനുശ്രീയുമായി ബൈക്കില്‍ പുറപ്പെട്ടു. നിധിന്‍ മാരൂരു തടാകത്തിനടുത്ത് ബൈക്ക് നിര്‍ത്തി. ഉടന്‍ സഹോദരിയെ വലിച്ചിഴച്ച് കൊണ്ടുപോയി തടാകത്തിലെറിഞ്ഞു. മകനെ പിന്തിരിപ്പിക്കാനും മകളെ രക്ഷിക്കാനും ശ്രമിച്ച മാതാവിനെയും യുവാവ് തടാകത്തില്‍ തള്ളിയിട്ടു. അല്‍പ്പസമയത്തിനു ശേഷം മാതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് കരഞ്ഞുകൊണ്ടു വീട്ടില്‍ തിരിച്ചെത്തി. മകനെ കണ്ട പിതാവ് സതീശ് മാതാവും മകളും എവിടെയെന്ന് ആരാഞ്ഞു. സംഭവം തുറന്നു പറഞ്ഞ നിധിന്‍ തടാകക്കരയില്‍ പിതാവിനെ കൊണ്ടു പോയി ചൂണ്ടിക്കാണിച്ചു. പരിഭ്രാന്തനായ സതീശന്‍ ബന്ധുക്കളെയും പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയര്‍ ഫോഴ്‌സ് മൃതദേഹങ്ങള്‍ കരക്കെടുത്തു. ഉറ്റവരുടെ മൃതദേഹങ്ങള്‍ക്കു മുന്നിലിരുന്നു സതീശ് വിലപിച്ചു. ഒരു കാര്യത്തിലും മക്കള്‍ തമ്മില്‍ പിണങ്ങരുതെന്നും വഴക്കുണ്ടാക്കരുതെന്നും എപ്പോഴും അവരെ ഉപദേശിക്കാറുണ്ടായിരുന്നു. മാതാപിതാക്കളെന്ന നിലയില്‍ എല്ലാ കാര്യങ്ങളും പരിഹരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താനും ഭാര്യയുമെന്ന് എല്ലാം നഷ്ടപ്പെട്ട പിതാവ് വിലപിച്ചു. വഴക്കുണ്ടാക്കാനാണെങ്കില്‍ ഇനി വീട്ടില്‍ വരരുതെന്നു മകനെ താക്കീതും ചെയ്തിരുന്നു. അതിനു ശേഷം വീട്ടില്‍ നിന്നു മാറിത്താമസിച്ചിരുന്ന മകന്‍ വീണ്ടുമെത്തിയത് ഇതിനു വേണ്ടിയായിരുന്നോ എന്ന് നിസ്സഹായനായ പിതാവ് ചോദിച്ചു. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page