കട്ടകലിപ്പില്‍ തന്നെ; കൈ കൊടുത്തില്ല; ബൊക്ക വാങ്ങാതെ ആരെയും മൈന്‍ഡ് ചെയ്യാതെ ഒരു മിനുട്ട് കൊണ്ട് നയപ്രഖ്യാപനത്തിലെ അവസാന ഭാഗം വായിച്ച് ഗവര്‍ണര്‍ മടങ്ങി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായുള്ള തന്റെ ഏറ്റുമുട്ടല്‍ തുടരുമെന്ന് തന്റെ ശരീരഭാഷയിലുടെ വ്യക്തമാക്കിയാണ് ഗവര്‍ണര്‍ ഒരു മിന്നല്‍ പിണര്‍ പോലെ കടന്നു പോയത്. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും മുഖത്ത് പോലും ഗവര്‍ണര്‍ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവര്‍ണര്‍ നയപ്രഖ്യാന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി. അതേസമയം, സര്‍ക്കാരുമായി ഉടക്ക് ആവര്‍ത്തിക്കുന്ന നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. തികച്ചും മൗനം പാലിച്ചു കൊണ്ടു കടന്നുപോവുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടാണ് ഗവര്‍ണര്‍ മിനിട്ടുകള്‍ കൊണ്ട് നയ പ്രഖ്യാപന പ്രസംഗം നടത്തി മടങ്ങിയത്. ഗവര്‍ണരുടെ പെരുമാറ്റത്തില്‍ പ്രതിപക്ഷവും വിമര്‍ശിച്ചു. ചരിത്രത്തില്‍ ഇതുവരെ കാണാത്ത സംഭവമാണ് ഇന്നുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page