ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ശേഷം വാർത്തകളും വിശേഷങ്ങളും നിറയുകയാണ് സമൂഹ മാധ്യമങ്ങളിലും, ചാനലുകളിലും. എന്നാൽ ഇപ്പോഴിതാ ക്ഷേത്രവുമായി ബന്ധപ്പെട്ട രസകരമായ സംഭവത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ കുരങ്ങുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. അയോധ്യ രാമക്ഷേത്രം പരിപാലിക്കുന്ന ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ്, തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രാം ലല്ലയുടെ വിഗ്രഹം ഉള്ള ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഒരു കുരങ്ങ് പ്രവേശിച്ചതായി ട്രസ്‌റ്റ് എക്‌സിൽ പങ്കുവച്ച ഒരു പോസ്‌റ്റിൽ അവകാശപ്പെടുന്നു.
ഉദ്‌ഘാടനം കഴിഞ്ഞ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ദിവസമാണ് ഇത് സംഭവിച്ചതെന്നാണ് ട്രസ്‌റ്റ് അവകാശപ്പെടുന്നത്. ചൊവ്വാഴ്‌ച വൈകുന്നേരം 5.50 ഓടെ ഒരു കുരങ്ങ് തെക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് വെസ്‌റ്റി ബ്യൂളിലേക്ക് നീങ്ങിയതായി പോസ്‌റ്റിൽ പറയുന്നു.
മുമ്പ് ഒരു കൂടാരത്തിൽ സൂക്ഷിച്ചിരുന്ന രാം ലല്ലയുടെ പഴയ വിഗ്രഹത്തിന് അടുത്ത് ഇതെത്തിയതായും അവർ പറയുന്നു. ഇതേസമയം, സമീപത്ത് നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ വിഗ്രഹത്തിന്റെ സുരക്ഷ പരിഗണിച്ചു കുരങ്ങിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നുവെന്നും ട്രസ്‌റ്റ് ചൂണ്ടിക്കാട്ടി.എന്നാൽ കുരങ്ങ് തികഞ്ഞ ശാന്തതയോടെ പിൻവാങ്ങി വടക്കേ ഗേറ്റിലേക്ക് നീങ്ങിയെങ്കിലും അത് അടച്ചിരുന്നു. പിന്നീട് കിഴക്കേ കവാടം കടന്ന് ഭക്തജനത്തിരക്കിനിടയിലൂടെ യാതൊരുവിധ അപകടവുമുണ്ടാക്കാതെ ഇത് പുറത്തിറങ്ങിയെന്നും അവർ പറയുന്നു.
ഹനുമാൻ നേരിട്ട് രാം ലല്ലയെ കാണാൻ വരുന്നത് ദൈവികമായ അനുഗ്രഹമായാണ് സുരക്ഷാ ഉദ്യോഗസ്ഥർ കുരങ്ങിന്റെ സന്ദർശനത്തെ കണ്ടതെന്ന് ട്രസ്‌റ്റ് കൂട്ടിച്ചേർത്തു. രാമായണ കഥയിലെ ഹനുമാൻ-ശ്രീരാമൻ ബന്ധത്തെ സൂചിപിച്ചുകൊണ്ടാണ് ട്രസ്‌റ്റിന്റെ പോസ്‌റ്റ്.