കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് പട്ടികവര്‍ഗ്ഗ വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസിലെ പ്രതിയായ പ്രധാന അധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 27ന് കേസ് അന്വേഷിക്കുന്ന കാസര്‍കോട് എസ്.എം.എസ് ഡിവൈ.എസ്.പിക്കു മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റു ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യമായ ആള്‍ ജാമ്യത്തിലും ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദ്ദേശിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഒരു യു.പി സ്‌കൂളില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 ന് ആണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമായിരുന്നു ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ അധ്യാപിക നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരസ്യമായി മുടി മുറിച്ചത് വിദ്യാര്‍ത്ഥിയുടെ അന്തസിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ വിദ്യാര്‍ത്ഥിയില്‍ അച്ചടക്കബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമേ ഇതിനു പിന്നില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ് അധ്യാപിക ഹൈക്കോടതിയെ അറിയിച്ചു. ഇതു കണക്കിലെടുത്താണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടു കോടതി ഉത്തരവായത്.
കുട്ടിയുടെ മുറി മുറിച്ച സംഭവം വിവാദമാവുകയും കേസെടുക്കുകയും ചെയ്തതോടെ പ്രധാന അധ്യാപിക ഒളിവില്‍ പോവുകയായിരുന്നു. പ്രതിക്കായി വീട്ടിലടക്കം റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.