അയോധ്യാ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല; എല്ലാഭാരതീയര്‍ക്കും വേണ്ടി; ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി

ന്യൂഡല്‍ഹി: അയോധ്യാ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ലെന്നും എല്ലാ ഭാരതീയര്‍ക്കും വേണ്ടിയാണെന്നും കഴിഞ്ഞതൊക്ക മറന്ന് മുന്നോട്ട് പോകാമെന്നും അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ആള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി. ദി പ്രിന്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തതിനാല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി നേരിടുന്നുണ്ട്. നമ്മുടെ പഴയ വൈരാഗ്യവും ശത്രുതയും അവസാനിപ്പിച്ച് ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും നന്മക്കും നമ്മുടെ പിന്മുറക്കാരെ പര്യാപ്തമാക്കുകയാണ് കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാമ മന്ദിര്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ വികസനത്തിനും ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ചുമുള്ള ചിന്തയായിരുന്നു മനസില്‍. ആ ചടങ്ങില്‍ സ്‌നേഹത്തിന്റെ സന്ദേശമായി ഞാന്‍ പങ്കെടുക്കുകയും ചെയ്തു. ക്ഷേത്രം സ്ഥാപിച്ച സ്ഥലത്ത് നൂറ്റാണ്ടുകളോളം ഹിന്ദു മുസ്ലീം തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ഹിന്ദുക്കള്‍ പറഞ്ഞു. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് സ്ഥാപിച്ച ബാബറി മസ്ജിദ് പള്ളിയിലേക്ക് 1992 ല്‍ നൂറുകണക്കിന് മതമൗലീക വാദികള്‍ ഇരച്ചുകയറി. ഏറെക്കാലത്തെ നിയമയുദ്ധത്തിന് ശേഷം 2019 ല്‍ പ്രസ്തുത സ്ഥലം ഹിന്ദു വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി വിധിയെഴുതി. മുസ്ലീം വിഭാഗത്തിന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം മറ്റൊരിടത്തു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ദീര്‍ഘകാലമായി ഇരുവിഭാഗവും തമ്മിൽ നില്‍ക്കുന്ന ശത്രുതയും വിരോധവും അവസാനിപ്പിച്ചേ തീരൂ,-ഇല്യാസ് പറഞ്ഞു. ഇത് മുന്നോട്ടുള്ള പ്രയാണത്തിന്റെ സമയമാണ്. നമ്മുടെ വിശ്വാസവും മതവും തീര്‍ച്ചയായും വ്യത്യസ്തമാണ് ഇന്‍സാനും ഇന്‍സാനിയത്തുമാണ് നമ്മുടെ പ്രധാന ധര്‍മം. നമ്മള്‍ ഭാരതത്തിലാണ് ജീവിക്കുന്നത്. നമ്മള്‍ ഭാരതീയരാണ്. ഭാരതത്തെ ശക്തമാക്കുകയാണ് നമ്മുടെ കടമ. സര്‍വതിലും പ്രധാനം രാജ്യമാണ്. പരമാണത്- അദ്ദേഹം പറഞ്ഞു.
തന്റെ എതിരാളികള്‍ക്ക് എന്തുംപറയാനുള്ള അവകാശമുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിര്‍ഭാഗ്യവശാല്‍ ഒരാളെ എതിര്‍ക്കുകയും അയാളെ ഉന്നംവയ്ക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്. അത് ശരിയല്ല. ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത് അവരുടെ കാഴ്ചപ്പാടും വീക്ഷണവും മാറ്റണമെന്നാണ്.
രാജ്യത്തെ 5.5 ലക്ഷം പള്ളികളുടെ ചീഫ് പുരോഹിതനായ തന്റെ ചുമതല സ്‌നേഹവും സൗഹൃദവും പ്രചരിപ്പിക്കുകയെന്നതാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്ന സന്ദേശമാണ് തനിക്ക് നല്‍കാനമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നങ്ങളല്ല, പരിഹാരമാണ് രാമനെന്ന് പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനെ ചീഫ് ഇമാം ഡോ.ഉമര്‍ അഹമ്മദ് ഇല്യാസി പ്രകീര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഇമാം പറഞ്ഞു. അത് എല്ലാ ഭാരത വാസികള്‍ക്കും വേണ്ടിയാണ്, അതിന്റെയര്‍ഥം മന്ദിരം എല്ലാവരുടേതുമാണ് എന്നാണ്. എല്ലാ ഇന്ത്യക്കാരും ഒന്നിച്ചുനില്‍ക്കണമെന്നും ഇന്ത്യയെയും ഭാരതീയതയെയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page