സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു; ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ   കീഴടങ്ങി

അഹമ്മദാബാദ്: 2002ലെ ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും സുപ്രീം കോടതിയുടെ നിർബന്ധിത സമയപരിധിയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഗുജറാത്ത് ജയിലിൽ കീഴടങ്ങി. പഞ്ച്മഹൽ ജില്ലയിലെ ഗോധ്ര സബ് ജയിലിലാണ് ഇവർ കീഴടങ്ങിയത്.

11 കുറ്റവാളികളും രാത്രി ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങിയെന്ന് ലോക്കൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എൻഎൽ ദേശായി അറിയിച്ചു.

2022 ലെ സ്വാതന്ത്ര്യ ദിനത്തിൽ മോചിതരായ ഈ കുറ്റവാളികളോട് ജനുവരി 21 നകം ജയിൽ അധികാരികൾക്ക് മുന്നിൽ കീഴടങ്ങാൻ ജനുവരി 8 ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.  ആരോഗ്യപ്രശ്‌നങ്ങൾ, ശസ്ത്രക്രിയ, കുടുംബത്തിലെ വിവാഹം, വിളവെടുപ്പ് തുടങ്ങിയ കാരണങ്ങൾ നിരത്തി പ്രതികൾ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു എങ്കിലും അവർക്ക് കൂടുതൽ സമയം നൽകാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.

2002 ഫെബ്രുവരിയിൽ ഗോധ്രയില്‍ ട്രെയിൻ കത്തിച്ച സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ 21 കാരി ബിൽക്കിസ് ബാനോ അന്ന്  അഞ്ച് മാസം ഗർഭിണിയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page