വിദേശ ഇനം നായ കടിച്ച്  പിഞ്ചുകുഞ്ഞിന്റെ കാലില്‍ 3 പൊട്ടൽ;ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടും കേസ് എടുക്കാതെ പൊലീസ് ; കുട്ടിയെ ആക്രമിച്ചത് ഇന്ത്യയിൽ വളർത്തുന്നതിന് നിരോധനമുള്ള അമേരിക്കൻ പിറ്റ്ബുൾ

ന്യൂഡൽഹി:ഡൽഹി ബുരാരിയിലെ ഉത്തരാഖണ്ഡ് കോളനിയിൽ ഒന്നര വയസ്സുള്ള പെൺകുട്ടിയെ പിറ്റ് ബുൾ നായ ആക്രമിച്ചു. പിഞ്ചുകുഞ്ഞിന്റെ കാലില്‍ മൂന്ന്‌ വ്യത്യസ്ത സ്ഥലങ്ങളിൽ പൊട്ടലും 18 തുന്നലുകളുമുണ്ട്. ഇതിനെ തുടര്‍ന്ന് 17 ദിവസം കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ജനുവരി 2 ന് നടന്ന നായയുടെ ആക്രമണം മുഴുവൻ സിസിടിവിയിൽ പതിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കിയിട്ടും കേസെടുക്കാൻ ബുരാരി പോലീസ് വിസമ്മതിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പിറ്റ് ബുള്ളിന്റെ പിടിയില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ എട്ട് ആളുകൾ പാടുപെടുന്നത് ദൃശ്യങ്ങളില്‍ കാണാം. കേസെടുക്കുന്നതിന് പകരം, പെൺകുട്ടിയുടെ കുടുംബത്തെ ഇതിൽ നിന്ന്‌ പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. പിറ്റ് ബുൾ ഉടമയ്‌ക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പെൺകുട്ടിയുടെ മുത്തച്ഛൻ കൂട്ടിച്ചേര്‍ത്തു.

കോളനിയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് ഇതിന് മുന്‍പ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.
പ്രദേശത്ത് നിന്ന് പിറ്റ് ബുള്ളിനെ നീക്കം ചെയ്യണമെന്ന് പെൺകുട്ടിയുടെ കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു.

അപകടകരമായ ഇനമായി കണക്കാക്കപ്പെടുന്നത് കൊണ്ട്‌ പിറ്റ് ബുളളുകളെ വളർത്തുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. അപകടകാരികളായ നായ്ക്കളെ വളർത്തുമൃഗങ്ങളാക്കുന്നതിനുള്ള  ലൈസൻസ് നിരോധിക്കുന്ന കാര്യത്തിൽ മൂന്നു മാസത്തിനകം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page