കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാന്‍കിനെതിരായ പരാതിയില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദീഖ് എംഎല്‍എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസെടുത്തു. കോഴിക്കോട് സ്വദേശിയായ സബീനയില്‍ നിന്ന് 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 5.65 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ഷറഫുന്നീസ ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്കെതിരെയും സ്ഥാപനത്തിന്റെ സിഇഒ വസീമിനെതിരെയും നടക്കാവ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നേരത്തെ നടക്കാവ് സ്റ്റേഷനില്‍ മാത്രം നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിസ് ബാന്‍ക് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് 20 കോടിയോളം രൂപ തട്ടിയതായാണ് നിക്ഷേപകരുടെ പരാതി. ഷറഫുന്നീസയെ കൂടാതെ ബാങ്ക് സിഇഒ വസീം, മാനേജരായ ഷംന കെടി, ഡയറക്ടര്‍മാരായ റാഹില ബാനു, മൊയ്തീന്‍കുട്ടി തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍. കോഴിക്കോട്ടും മലപ്പുറത്തുമായി ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആറ് ബ്രാഞ്ചുകളാണുള്ളത്. മൂന്നുവര്‍ഷം മുമ്പ് നടക്കാവ് കേന്ദ്രീകരിച്ച് നിധി ലിമിറ്റഡിന് കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി രൂപീകരിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം 3,000 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് വിവരം. ഡയറക്ടര്‍മാര്‍ നേരിട്ടും ജീവനക്കാര്‍ മുഖേനയുമാണ് ബാങ്കിലേക്ക് നിക്ഷേപം വാങ്ങിയത്. നിധിബാങ്ക് ശാഖകളില്‍ നിക്ഷേപമായെത്തുന്ന പണം ബാങ്ക് ഓഫ് ബറോഡയിലെ കറന്റ് അക്കൗണ്ടിലേക്കാണ് മാറേണ്ടത്. ഇതിന് പകരം മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു. കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയതോടെയാണ് തട്ടിപ്പ് ജീവനക്കാര്‍ അറിഞ്ഞത്. നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ സ്ഥാപനത്തിന്റെ സിഇഒ കടലുണ്ടി സ്വദേശി വസീം പണവുമായി സ്ഥലം വിട്ടത്. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി മനസ്സിലായതെന്നു നിക്ഷേപകര്‍ പറയുന്നു. ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും ഡെയ്ലി ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നീ പേരുകളില്‍ പണം സ്വീകരിച്ചെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകരും ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കാവ്, പേരാമ്പ്ര, താമരശേരി, പാളയം, കോട്ടക്കല്‍, ചേളാരി എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകള്‍. ഇവിടങ്ങളില്‍ 15 കോടി മുതല്‍ 20 കോടി വരെ സ്വീകരിച്ചുവെന്ന് എന്നാണ് പരാതി. എന്നാല്‍, തന്‍റെ ഭാര്യ ഏതാനും മാസം മാത്രമാണ് സ്ഥാപനത്തില്‍ ജോലി ചെയ്തതെന്നും മാനേജ്മെന്‍റുമായുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിന്‍റെ പ്രതികരണം.