കാസര്‍കോട്: ബൈക്കിലെത്തി മാല മോഷണം നടത്തുന്ന സംഘം ജില്ലയില്‍ വീണ്ടും സജീവമായി. ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങി വരികയായിരുന്ന 65 കാരിയുടെ രണ്ടര പവന്‍ മാല ബൈക്കില്‍ എത്തിയ സംഘം കവര്‍ന്നു. കാലിച്ചാംപൊതി സ്വദേശിനി ദേവകി(65)യുടെ മാലയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തില്‍ നിന്ന് ഉത്സവം കഴിഞ്ഞു തിരിച്ചുപോകുമ്പോഴാണ് കവര്‍ച്ച. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ മാല പറിച്ച് ചെമ്മട്ടംവയല്‍ തോയമ്മലിലെ ജില്ലാ ആശുപത്രി ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
