കാസര്‍കോട്: ഈ വര്‍ഷത്തെ വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരം പ്രഖ്യാപിച്ചു.
ഈവര്‍ഷത്തെ സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് റീന പിജി രചിച്ച ഒപ്പീസ് എന്ന കഥ
തെരഞ്ഞെടുത്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭോകരന്‍, പത്രപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ രാവണീശ്വരം, ചിത്രകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പല്ലവ നാരായണന്‍, അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജനോര്‍ദ്ദനന്‍ പുല്ലൂര്‍, എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 10,000 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്‌കാരജേതാവിന് സമ്മാനിക്കുക. 28 നു ഞായറാഴ്ച പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും. പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയായ സംസ്‌കൃതി പുല്ലൂര്‍ ആണ് വി.കോമന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ചെറുകഥാപുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുരസ്‌കാരത്തിനായി 86 രചനകളാണ് സമര്‍പ്പിക്കപ്പെട്ടത്. കഥാകാരിയും കവയത്രിയുമായ റീന പിജി മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനിയാണ്. കാളികാവ് അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍
അധ്യാപികയായി ജോലി ചെയ്യുന്നു.