കാസര്‍കോട്: വീട്ടുകാര്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പോയ തക്കത്തില്‍ വീട് കുത്തിത്തുറന്ന് 23.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ കണ്ടെത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിനാല്‍ ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. ബദിയഡുക്ക എസ്.ഐ അനുരൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സീതാംഗോളി, മുഗു കുഞ്ഞിപദവിലെ അധ്യാപകന്‍ പ്രസാദ് റായിയുടെ വീട്ടിലാണ് കവര്‍ച്ച. പ്രസാദ് റായിയുടെ സഹോദരന്‍ മഞ്ചുനാഥയുടെ ഭാര്യ സ്വാതിയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കവര്‍ച്ച നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീടു പൂട്ടി എല്ലാവരും സമീപത്തെ സുബ്രായ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയിരുന്നു. രണ്ടുമണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നത് കണ്ടത്. അലമാരയുടെ മുകളില്‍ വച്ചിരുന്ന താക്കോല്‍ എടുത്ത് അലമാരക്കകത്തുണ്ടായിരുന്ന താക്കോല്‍ എടുത്താണ് സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയതെന്നും വ്യക്തമായി. വിവിധ തരത്തിലുള്ള മാലകള്‍, മോതിരങ്ങള്‍, കമ്മല്‍, ബ്രേസ്ലെറ്റ് തുടങ്ങിയവയാണ് മോഷണം പോയത്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസും പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി. വീട്ടുകാരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്നു സംശയിക്കുന്നു. വീടിനെ കുറിച്ചും വീട്ടുകാരെക്കുറിച്ചും വ്യക്തമായി അറിയുന്നവരാകാം മോഷ്ടാക്കളെന്നാണ് സംശയിക്കുന്നത്. പ്രവാസിയായ മഞ്ചുനാഥയുടെ ഭാര്യ സ്വാതിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
