Monday, February 26, 2024
Latest:

താനൊരു അഭിഭാഷകനാണ്; നീതി തേടി വരുന്നവരെ പരിഹസിക്കരുതെന്ന് വി.ഡി സതീശന്‍

കണ്ണൂര്‍: കെ ഫോണ്‍ ഹര്‍ജിയില്‍ ഹൈക്കോടതി തന്നെ വിമര്‍ശിക്കുകയല്ല, പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പബ്ലിസിറ്റിക്ക് വേണ്ടി കോടതിയില്‍ പോകേണ്ട കാര്യമില്ല. നീതിതേടി കോടതിയില്‍ പോകുന്നവരെ പരിഹസിക്കരുതെന്നും അതു കോടതി തന്നെ പരിശോധിക്കട്ടെയെന്നും വി.ഡി സതീശന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പബ്ലിസിറ്റിക്ക് വേണ്ടി വന്നുവെന്നത് വിമര്‍ശനമല്ല പരിഹാസമാണ്. പബ്ലിസിറ്റിക്ക് വേണ്ടിയാണെങ്കില്‍ മാധ്യമങ്ങളെ കണ്ടാല്‍ പോരേയെന്ന് സതീശന്‍ ചോദിച്ചു. ഡോക്യുമെന്റ് കുറവുണ്ടെങ്കില്‍ കോടതിക്ക് അതു ചോദിക്കാമായിരുന്നു. ഭരണകൂടത്തില്‍ നിന്നും നീതി കിട്ടാതെ വരുമ്പോഴാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നത്. ആളുകളുടെ അവസാന പ്രതീക്ഷയും വിശ്വാസവും കോടതിയാണ്. ഇനി എന്തു പ്രതീക്ഷയെന്ന് സാധാരണക്കാര്‍ വിചാരിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
അതിര്‍ത്തി തര്‍ക്കത്തിന് അല്ല കോടതിയിലെത്തിയത്. അത് താനും പിണറായി വിജയനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അല്ലല്ലോ. വേലി കെട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമെങ്കില്‍ പൊതുതാല്‍പ്പര്യം ഇല്ലായെന്ന് പറയാം. എന്തായാലും തനിക്ക് ഇപ്പോഴും നീതിന്യായ വ്യവസ്ഥയോട് വിശ്വാസവും ബഹുമാനമുണ്ട്. കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്വേഷണമൊന്നും ഉണ്ടായില്ല.
ഇതേത്തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ കിട്ടിയപ്പോഴാണ് കോടതിയെ സമീപിച്ചത്. താന്‍ ഒരു അഭിഭാഷകനാണ്. നിയമ വിദ്യാര്‍ത്ഥിയാണ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുമുണ്ട്. കോടതിയില്‍ പോയാല്‍ എങ്ങനെ പബ്ലിസിറ്റി കിട്ടുമെന്ന് മനസ്സിലായിട്ടില്ല. മൂന്നാറിലെ ഭൂമികയ്യേറ്റത്തിനെതിരെ മുമ്പ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നപ്പോള്‍ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന് അനുകൂല പരാമര്‍ശവും ലഭിച്ചിട്ടുണ്ട്. എന്തായാലും തന്റെ ഹര്‍ജി തള്ളിയിട്ടില്ല. ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതൊരു പ്രൊസീജ്യറാണ്. ആ പ്രൊസീജ്യര്‍ നടക്കട്ടെ. അതിനെ ബഹുമാനത്തോടെ നോക്കിക്കാണുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ധനപ്രതിസന്ധിയുള്ള ഈ സംസ്ഥാനത്ത് 1500 കോടി, ആവശ്യമില്ലാത്ത ഒരു പദ്ധതിയെന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ തന്നെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ വ്യക്തമായ അഴിമതിയും നടന്നിട്ടുണ്ട്. അതില്‍ പൊതുതാല്‍പ്പര്യം ഇല്ലെങ്കില്‍ പിന്നെ ഏതു കാര്യത്തിലാണ് പൊതു താല്‍പ്പര്യമെന്ന് വിഡി സതീശന്‍ പറഞ്ഞു.
ഈ പണം സാധാരണക്കാരുടെ നികുതിപ്പണമാണ്. ഈ 1500 കോടി ഭരണത്തിലിക്കുന്നവരുടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതല്ലല്ലോ, ഇവരുടെ ആരുടെയും സ്ഥലം വിറ്റ കാശൊന്നുമല്ലല്ലോ. അതാണ് പബ്ലിക് ഇന്ററസ്റ്റ്. അതു കോടതിയെ ബോധ്യപ്പെടുത്തും. 1500 കോടി നഷ്ടപ്പെടുത്തിയത് പ്രതിപക്ഷം നോക്കിയിരിക്കണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയും കുടുംബവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
കരുവന്നൂരില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. ആ അഴിമതിയില്‍ സിപിഎം ആണ് ഒന്നാം പ്രതി. സിപിഎം നേതാക്കന്മാരാണ് പണം പാര്‍ക്ക് ചെയ്തിട്ടുള്ളത്. അവരു നടത്തിയ അഴിമതിയുടെ പണമാണത്. തെറ്റായ ആളുകള്‍ക്ക് ലോണ്‍ കൊടുക്കാന്‍ വേണ്ടി ഇന്നു മന്ത്രിമാരായിരിക്കുന്ന ആളുകള്‍ വരെ നിര്‍ദേശം നല്‍കിയെന്ന് ഇഡിക്ക് മൊഴി ലഭിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളെല്ലാം പ്രതികളാണ്. നാട്ടുകാരുടെ പണം എടുത്തിട്ടാണ് വലിയ അഴിമതി നടത്തിയിരിക്കുന്നത്. പാര്‍ട്ടി അതിന് ഉത്തരം പറഞ്ഞേ മതിയാകൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page