കൊച്ചി: യൂത്ത് കോണ്‍ഗ്രസ്് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലിസ് വീണ്ടും അറസ്റ്റ് ചെയ്തു. മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെടുത്ത രണ്ട് കേസുകളിലും, ഡിജിപി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലുമാണ് നടപടി. കന്റോണ്‍മെന്റും, മ്യൂസിയം പൊലീസുമാണ് പൂജപ്പുര ജയിലിലെത്തി അറസ്റ്റ് ചെയ്തത്. യുത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ മാങ്കുട്ടത്തിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു വരികെയാണ് ജയിലില്‍ എത്തി വീണ്ടും അറസ്റ്റു ചെയ്തത്. ഈ കേസുകളില്‍ റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊലീസിനെ അക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ച വകുപ്പുകളും തന്നെയാണ് മൂന്ന് കേസുകളിലും ചുമത്തിയിരിക്കുന്നത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പുതിയ കേസുകളില്‍ കൂടി അറസ്റ്റുചെയ്ത സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാലും രാഹുലിന് ഉടനടി പുറത്തിറങ്ങാന്‍ സാധിക്കില്ല.
