കല്‍പ്പറ്റ: മാനന്തവാടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ അറസ്റ്റിലായി. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ജനുവരി 12 ന് ഉച്ചയോടെയാണ് മോഷണം നടന്നത്. കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സ തേടി മടങ്ങുമ്പോഴാണ് സംഭവം. ഇവരെ കാത്തിരുന്ന സ്ത്രീകള്‍ സൗഹൃദം നടിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിക്കുന്നു. സ്ഥലം പറഞ്ഞപ്പോള്‍ ഞങ്ങളും ആ വഴിക്കെന്ന് പറഞ്ഞ് ഒരു ഓട്ടോയില്‍ കയറ്റുകയും ചെയ്തു. പകുതിവഴിയില്‍ ഇവര്‍ ഇറങ്ങിപ്പോയി. അല്‍പ സമയം കഴിഞ്ഞപ്പോഴാണ് 75,000 രൂപ വിലയുള്ള തന്റെ മാലയും കാണാതായതായി തങ്കമ്മ അറിയുന്നത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ടൗണ്‍ പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചു. മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍ ഷൈജു, എസ്.എച്ച്.ഒ എം.എം. അബ്ദുല്‍ കരീം, എസ്.ഐമാരായ ടി.കെ. മിനിമോള്‍, സോബിന്‍, എ.എസ്.ഐ അഷ്റഫ് തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷം പിന്തുടര്‍ന്ന് നിരീക്ഷിച്ച ശേഷമായിയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
