കാസർകോട്: അധ്യാപകന്റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. 25പവനോളം സ്വർണ്ണാഭരങ്ങൾ കവർന്നതായാണ് വിവരം. പുത്തിഗെ മുഗു ടെമ്പിൾ റോഡിലെ അദ്ധ്യാപകൻ പ്രസാദ് റായിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്കും മൂന്നു മണിക്കും ഇടയിലാണ് കവർച്ച. അധ്യാപകനായ പ്രസാദ് റായി രാവിലെ ചേവാർ സ്കൂളിൽ പോയിരുന്നു . മാതാവും പിതാവും ഭാര്യയും ഉച്ചയ്ക്ക് ഒരു മണിയോടെ തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിന് പോയിരുന്നു. ഉത്സവം കഴിഞ്ഞ് വീട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് കതക് തകർത്ത നിലയിൽ കണ്ടത്. വീട്ടിലെ അലമാരയിലെ വസ്തുക്കൾ എല്ലാം വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ആഭരണങ്ങൾ മോഷണം പോയതായി സംശയത്തെ തുടുർന്ന് വിവരം ബദിയടുക്ക പൊലീസിനെ അറിയിച്ചു. അവർ എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി വ്യക്തമായത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞു എത്തിയിരുന്നു.