മാതൃകയാക്കാം ഈ കൂട്ടായ്മയെ; പച്ചക്കറി കൃഷിയില്‍ വിജയഗാഥയുമായി നാല്‍വര്‍ സംഘം

കാസര്‍കോട്: പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുകൊയ്ത് നാട്ടിലെ താരമായിരിക്കുകയാണ് കാഞ്ഞങ്ങാട് കൊളവയലിലെ നാല്‍വര്‍ സംഘം. കൊളവയലിലെ ഗംഗാധരന്‍, പ്രജീഷ്, സുഭാഷ്, ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ചെയ്ത പച്ചക്കറി കൃഷിയിലാണ് മികച്ച വിളവ് ലഭിച്ചിരിക്കുന്നത്. ഒരേക്കറില്‍ അധികം കൃഷിയിടത്തിലാണ് വെണ്ട, നരമ്പന്‍, വഴുതന, പയര്‍, ചീര ചോളം എന്നീ പച്ചക്കറി ഇനങ്ങള്‍ ഇവര്‍ വിളയിച്ചെടുത്തത്. പടന്നക്കാട് കാര്‍ഷിക കോളേജില്‍ നിന്നാണ് കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തിനങ്ങള്‍ വാങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുകയില കൃഷിയിറക്കിയ പാടത്താണ് സ്വയം പര്യാപ്തമെന്ന ആശയത്തില്‍ ഊന്നി പച്ചകറി കൃഷി ചെയ്തത്. തങ്ങളുടെ ഒരു വരുമാന മാര്‍ഗം എന്നതിലുപരി സമൂഹത്തിനും നാട്ടിനും പ്രയോജനമാകും വിധത്തിലാണ് വിഷരഹിതമായ പച്ചക്കറി വിപണിയിലെത്തിക്കാന്‍ ഇവര്‍ മുന്നോട്ടു വന്നത്. കൃഷി വിളകള്‍ക്ക് ഫംഗസും മറ്റു മൂലമുള്ള രോഗങ്ങള്‍ ബാധിക്കുന്നുണ്ട്. എങ്കിലും അവയെയൊക്കെ മെച്ചപ്പെട്ട രീതിയില്‍ പരിചരിച്ചതിനാല്‍ കൃഷിയില്‍ നിന്ന് സാമാന്യം നല്ല വിളവ് ലഭിക്കുന്നുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഇനത്തില്‍ നിന്നും ഒരു പ്രാവശ്യം വിളവെടുക്കുമ്പോള്‍ ഒരു കിന്റലിലധികം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. യുവാക്കളായ പുതുതലമുറ കൃഷിയിടത്തിലേക്ക് ഇറങ്ങിക്കൊണ്ട് ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും ഇവര്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page