ന്യൂഡൽഹി:വിമാനം വൈകുമെന്ന് അറിയിപ്പ് നല്‍കിയതിനു പിന്നാലെ പൈലറ്റിനെ മര്‍ദ്ദിച്ച് യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞ് കാരണം ഏതാനും മണിക്കൂറുകള്‍ വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനു പിന്നാലെയാണ് പിന്‍സീറ്റിലിരുന്ന മഞ്ഞ ടീഷര്‍ട്ട് ധരിച്ച യാത്രക്കാരന്‍ എഴുന്നേറ്റ് വന്ന് പൈലറ്റിനെ മര്‍ദ്ദിച്ചത്.സഹില്‍ കട്ടാരിയ എന്ന യാത്രക്കാരനാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ ഇന്‍ഡിഗോ കമ്പനി പരാതി നല്‍കി.
യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും സുരക്ഷാ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുന്നത് പതിവാണ്. ഇന്ന് 110 വിമാനങ്ങള്‍ വൈകുകയും 79 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇന്നലെയും സര്‍വീസുകള്‍ എട്ടു മണിക്കൂര്‍ വരെ വൈകിയാണ് നടന്നത്.