കാസർകോട്: ഷിറിയയിൽ സ്കൂൾ ബസും ആംബുലൻസും കൂട്ടിയിടിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്കു പരിക്കേറ്റു. കണ്ണൂർ കാടാചിറ സ്വദേശി സുരേഷ്കുമാറാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഷിറിയ പാലത്തിനടുത്താണ് അപകടമുണ്ടായത്. ഷിറിയ ലത്തീഫിയ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനവും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. പരിയാരം ആശുപത്രിയിൽ നിന്നു മംഗളുരുവിലേക്ക് കാണ്ടു പോവുകയായിരുന്ന രോഗിയെ അപകടത്തെത്തുടർന്നു മറ്റൊരു ആംബുലൻസിൽ കൊണ്ടു പോയെങ്കിലും ഉപ്പളയിലെത്തിയപ്പോഴേക്കും മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറു വിദ്യാർത്ഥികളെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും വിദ്യാർത്ഥികളെ ബന്തിയോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് സുരേഷ് കുമാറിനെ ഐസിയു സംവിധാനം ഉള്ള ആംബുലൻസിൽ മംഗളൂരിലേക്ക് കൊണ്ടുപോയത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി.
