മുതിർന്ന നേതാവ് മിലിന്ദ് ദേവ്റയും കോൺഗ്രസ്സിനോട് ബൈ പറഞ്ഞു; ശിവസേനയിലേക്ക് എന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രാജിവെച്ചു. എക്സിലൂടെയാണ് 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് മിലിന്ദ് വ്യക്തമാക്കിയത്.ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് വിവരം.’എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ ഒരു അധ്യായത്തിന് ഇന്ന് സമാപനമായിരിക്കുകയാണ്. പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച്‌ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാൻ രാജിവെച്ചു. വര്‍ഷങ്ങളായി അവര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും കാര്യകര്‍ത്താക്കളോടും ഞാൻ നന്ദിയുള്ളവനാണ്’, എന്നാണ് മിലിന്ദ് എക്സില്‍ കുറിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുരളി ദിയോറയുടെ മകനാണ് മിലിന്ദ്. മുരളിയുടെ മരണശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്നായിരുന്നു മിലിന്ദ് മത്സരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹം ഇവിടെ നിന്ന് പരാജയപ്പെട്ടു. ശിവസേനയുടെ അരവിന്ജ് സാവന്താണ് ഇവിടെ വിജയിച്ചിരുന്നു. സാവന്ത് നിലവില്‍ ഉദ്ധവ് താക്കറെ പക്ഷത്തണ്.

കോണ്‍ഗ്രസ് സഖ്യകക്ഷികൂടിയായ ഉദ്ദവ് താക്കറേ പക്ഷം ഇതേ സീറ്റിനായി ഇത്തവണയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ മിലിന്ദ് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് മിലിന്ദ് ഇടഞ്ഞത്.പിന്നാലെ സഖ്യകക്ഷി ഇനിയും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയും ഓരോ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മിലിന്ദ് വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.

ഇതോടെ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ താൻ അനുയായികളുമായി ചര്‍ച്ച നടത്തുകയാണെന്നും പാര്‍ട്ടി വിടാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഇന്ന് രാവിലെയോടെ രാജിക്കാര്യം പ്രഖ്യാപിക്കുതയായിരുന്നു.

പാര്‍ട്ടി വിട്ട മിലിന്ദ് ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഷിൻഡെയ്ക്കൊപ്പം ചേര്‍ന്നാലും അദ്ദേഹത്തിന് മുംബൈ സൗത്തില്‍ നിന്നും മത്സരിക്കാൻ സാധിച്ചേക്കില്ലെന്നാണ് വിവരം. എൻ ഡി എയില്‍ ബി ജെ പിയായിരിക്കും ഇവിടെ നിന്ന് മത്സരിച്ചേക്കുക. നിലവിലെ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നവാര്‍ക്കറിന്റെ പേരാണ് മണ്ഡലത്തില്‍ നിന്നും ബി ജെ പി പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ മിലിന്ദിന് ലോക്സഭ സീറ്റിന് പകരം രാജ്യസഭ സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page